
തൃശ്ശൂര്‍: കുന്ദംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. 2023 ഏപ്രില്‍ അഞ്ചിന് നടന്ന മര്‍ദ്ദനത്തിന്റെ പൊലീസ് മുക്കിയ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. വിവരാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഒളിപ്പിച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വ്ിടേണ്ടി വന്നത്. ദൃശ്യം പുറത്തായതിനു പിന്നാലെ മര്‍ദ്ദനത്തിന്റെ ഭീകരത വെളിവായി. സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡണ്ട് വി.എസ്. സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വന്നൂരില്‍ വഴിയരികില്‍ നിന്നിരുന്ന തന്റെ സുഹൃത്തുക്കളെ അകാരണമായി പൊലീസുകാര്‍ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് പ്രകോപനമായത്. സുജിത്തിന്റെ ഇടപെടല്‍ ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നുഹ്‌മാന്‍ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സ്റ്റേഷനില്‍ വച്ച് എസ്ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സ്റ്റേഷനു മുകളില്‍ സിസിടിവി കാമറ ഇല്ലാത്ത സ്ഥലത്തു കൊണ്ടുപോയും മര്‍ദ്ദിച്ചിരുന്നതായി സുജിത് പറയുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കി, പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന വ്യാജ എഫ്‌ഐആറും ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തിയതോടെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. മര്‍ദ്ദനത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി. എന്നാല്‍ ഈ പരാതിയില്‍ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ പൊലീസ് തയാറായില്ല. സുജിത്തിനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ക്രമസമാധാന ചുമതലയില്‍ തുടരുകയും ചെയ്തു. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചു. തുടര്‍ന്ന് തെളിവുകള്‍ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ നേരിട്ടു കേസെടുത്തു.
തന്നെ മര്‍ദിച്ചതിന്റെ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി പൊലീസില്‍ അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് പല കാരണങ്ങള്‍ പറഞ്ഞു ദൃശ്യം നല്‍കുന്നത് തടഞ്ഞുവച്ചു. തുടര്‍ന്ന് സുജിത്ത് വിവരാവകാശ നിയമപ്രകാരം സിസിടിവി ദൃശ്യം ആവശ്യപ്പെട്ടെങ്കിലും പൊലീസ് നല്‍കിയില്ല. സുജിത്ത് നല്‍കിയ അപ്പീല്‍ അപേക്ഷയില്‍, പൊലീസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നും പൊലീസ് അലംഭാവം പുലര്‍ത്തിയതോടെ, വിവരാവകാശ കമ്മിഷന്‍ പൊലീസിനെയും സുജിത്തിനെയും നേരിട്ടു വിളിച്ചുവരുത്തി രണ്ട് പേരുടെയും വാദം കേട്ടശേഷം സിസി ടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. നിലവില്‍ കോടതി സുജിത്തിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നേരിട്ടെടുത്ത കേസില്‍ വിചാരണ നടന്നു വരികയാണ്. ഇതിനിടെയാണ് സിസി ടിവി ദൃശ്യം പുറത്താകുന്നത്.



