പീച്ചി സ്റ്റേഷനിലെ പൊലീസ് മര്‍ദ്ദനം; മര്‍ദ്ദിച്ച സി.ഐക്കെതിരെ നടപടിയുണ്ടാകും; സി.ഐ പി.എം രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ്.

തൃശ്ശൂര്‍: പീച്ചി പൊലീസ് സ്റ്റേഷനില്‍ പരാതി ഒത്തുതീര്‍പ്പാക്കാനെത്തിയവരെ മര്‍ദ്ദിച്ച സംഭവത്തില്‍ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായേക്കും. പീച്ചി സി.ഐ ആയിരുന്ന പി.എം രതീഷിനെതിരെ വകുപ്പുതല നടപടികള്‍ക്ക് തുടക്കം കുറിച്ചു. നിലവില്‍ കടവന്ത്ര സി.ഐ ആയിരിക്കുന്ന രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് നോട്ടീസ് നല്‍കിയത്. രതീഷ് പീച്ചി എസ്ഐ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നോട്ടീസിന് 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ദക്ഷിണ മേഖല ഐജി ശ്യാം സുന്ദര്‍ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതികള്‍ വിലയിരുത്തി. എട്ടു മാസമായി ദക്ഷിണ മേഖല ഐജിയുടെ ഓഫീസില്‍ കെട്ടിക്കിടന്ന ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഫയല്‍ എടുപ്പിക്കുകയും ചെയ്തു. അഡീഷണല്‍ എസ്പി ശശിധരന്റെ അന്വേഷണത്തില്‍ രതീഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇത് ഫയലില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. തുടര്‍ന്നാണ് രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ഐജി നിര്‍ദേശം നല്‍കിയത്.

സംഭവത്തില്‍ എന്താണ് വീഴ്ച സംഭവിച്ചതെന്നത് സംബന്ധിച്ച് വിശദീകരണം നല്‍കണം എന്നാണ് പറഞ്ഞിരിക്കുന്നത്. രതീഷിന്റെ മറുപടി ലഭിച്ചാലും ഇല്ലെങ്കിലും വകുപ്പുതല നടപടി ഉണ്ടാകുമെന്ന സൂചനകളാണ് ദക്ഷിണ മേഖല ഐജിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്നത്.

പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെയാണ് പീച്ചി പോലീസ് സ്റ്റേഷനില്‍വെച്ച് അന്ന് എസ്‌ഐ പി.എം. രതീഷ് അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തത്. മാനേജര്‍ റോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയും മര്‍ദ്ദിക്കുകയും പോള്‍ ജോസഫിനെ ലോക്കപ്പിലിടുകയും ഔസേപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കുനേരേ ആക്രോശിക്കുകയും ചെയ്തിരുന്നു. 2023 മെയ് 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14-നാണ് കിട്ടിയത്.

Scroll to Top