പി.പി തങ്കച്ചന്‍ അന്തരിച്ചു; അന്ത്യം 86-ാമത്തെ വയസ്സില്‍ ശ്വാസകോശ അണുബാധയെ തുടര്‍ന്ന്., ഐക്യമുന്നണിയില്‍ ഐക്യമുണ്ടാക്കിയ നേതാവ്.

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡണ്ടും സ്പീക്കറുമായ പി.പി തങ്കച്ചന്‍ അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 86-ാമത്തെ വയസ്സിലാണ് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളായ പി.പി തങ്കച്ചന്റെ വിയോഗം. മൃതദേഹം നാളെ രാവിലെ 11 മണിയോടെ പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടില്‍ പൊതുദര്‍ശനത്തിനും അന്ത്യാഞ്ജലിക്കുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് നെടുമ്പാശ്ശേരിക്കും അങ്കമാലിക്കും ഇടയിലുള്ള അകപ്പറമ്പിലെ യാക്കോബായ പള്ളിയില്‍ നടക്കും.

പി.പി.തങ്കച്ചന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിവാദങ്ങളില്‍പ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്നയാളാണ് തങ്കച്ചനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. തങ്കച്ചന്റെ നിര്യാണം കോണ്‍ഗ്രസിനെ കനത്ത നഷ്ടമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ പാര്‍ട്ടിയേയും മുന്നണിയേയും ഒരുമിച്ച് കൊണ്ട് പോകുന്നതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ നേതാവാണ് അദ്ദേഹം. പാര്‍ലമെന്ററി രംഗത്തും സംഘടനാരംഗത്തും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു. പിതൃതുല്യനായ നേതാവിനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പി.പി.തങ്കച്ചന്റെ നിര്യാണത്തില്‍ കെപിസിസി മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

നാലു തവണ കേരളത്തിന്റെ എംഎല്‍എയും ഒരുവട്ടം മന്ത്രിയുമായ പി.പി തങ്കച്ചന്‍ 2004 മുതല്‍ 2018 വരെ യുഡിഎഫ് കണ്‍വീനറായും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ എല്ലാ ഘടകകക്ഷികളെയും ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ തങ്കച്ചന്‍ വഹിച്ച പങ്ക് ചില്ലറയല്ല. കേരള നിയമസഭയുടെ സ്പീക്കറായും കെപിസിസി പ്രസിഡണ്ടായും അദ്ദേഹം പ്രവര്‍ത്തിച്ചു. തന്നെ ഏല്‍പിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിര്‍വഹിച്ചാണ് തങ്കച്ചന്റെ മടക്കം. 1991 ല്‍ നിയമസഭാ സ്പീക്കറായ തങ്കച്ചന്‍, കേരള നിയമസഭയിലെ ഏറ്റവും പ്രഗത്ഭരായ സ്പീക്കര്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്നു. 1992 ല്‍ കേരളത്തില്‍ നിന്ന് ആദ്യമായി, നിയമസഭാ സ്പീക്കര്‍മാരുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതും തങ്കച്ചനാണ്. 1995 ല്‍ എ.കെ.ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി. കൃഷിക്കു സൗജന്യ വൈദ്യുതി നല്‍കാനുള്ള സുപ്രധാന തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍, മുന്നണിയിലെ കക്ഷികളെ ഏകോപിപ്പിച്ചു കൊണ്ടു പോകുന്നതില്‍ മികവു കാട്ടിയ തങ്കച്ചന്‍, കോണ്‍ഗ്രസിലെ വിഭാഗീയതയുടെ കാലത്ത് സമന്വയത്തിന്റെ ശൈലി സ്വീകരിച്ചു.

പെരുമ്പാവൂര്‍ നഗരസഭാംഗമായാണ് പൊതുജീവിതം ആരംഭിച്ചത്. 1968 മുതല്‍ 1980 വരെ പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. 68 ല്‍ സ്ഥാനമേല്‍ക്കുമ്പോള്‍, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍മാനായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ മണ്ഡലം വൈസ്പ്രസിഡന്റ് ചുമതലയില്‍ തുടങ്ങിയ അദ്ദേഹം ബ്ലോക്ക് പ്രസിഡന്റ്ും എറണാകുളം ഡിസിസി പ്രസിഡന്റുമായി. 2004 ല്‍ ഏതാനും മാസം കെപിസിസി അധ്യക്ഷനായി. മാര്‍ക്കറ്റ്ഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാത്രിയാര്‍ക്കിസ് ബാവയില്‍നിന്ന് യാക്കോബായ സഭയുടെ കമാന്‍ഡര്‍ പദവിയും ലഭിച്ചിട്ടുണ്ട്.

അങ്കമാലി നായത്തോടു പൈനാടത്ത് ഫാ. പൗലോസിന്റെ മകനായി 1939 ജൂലൈ 29 നാണ് ജനനം. തേവര എസ്എച്ച് കോളജിലെ ബിരുദ പഠനത്തിന് ശേഷം നിയമവിദ്യാര്‍ത്ഥിയായി. അതിനു ശേഷം അഭിഭാഷകനായി പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ ടി.വി.തങ്കമ്മ. മക്കള്‍: ഡോ. രേഖ, ഡോ. രേണു, വര്‍ഗീസ് പി. തങ്കച്ചന്‍. മരുമക്കള്‍: തിരുവല്ല തട്ടാംകുന്നേല്‍ ഡോ. സാമുവല്‍ കോശി, പാമ്പാടി പറപ്പിള്ളില്‍ ഡോ. തോമസ് കുര്യന്‍, സെമിന വര്‍ഗീസ്.

Scroll to Top