ബിഹാറില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 45 ലക്ഷം പേര്‍ പുറത്ത്., എസ്‌ഐആര്‍ കേസ് പരിഗണിക്കുന്നതിനു മുന്‍പ് തിരക്കട്ട് തെരഞ്ഞെടുപ്പിന് നീക്കം

പട്‌ന: ബിഹാറില്‍ പ്രത്യേക സമഗ്രപരിശോധനയ്ക്ക് ശേഷമുള്ള അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്ളത്. ആഗസ്തില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 7.24 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. 7.89 കോടി വോട്ടമാരായിരുന്നു ജൂണ്‍ മാസത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമാണ് ആഗസ്ത് ഒന്നിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ വലിയ തോതില്‍ വിവാദങ്ങളും പ്രതിപക്ഷ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

പുതിയ കണക്ക് പ്രകാരം 21.53 ലക്ഷം വോട്ടര്‍മാരെയാണ് അധികം ചേര്‍ത്തിരിക്കുന്നത്. ആഗസ്തില്‍ ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ നിന്ന് 3.66 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ട്. എസ്‌ഐആറിന് മുമ്പുള്ള വോട്ടര്‍പട്ടികയില്‍ നിന്ന് 48 ലക്ഷം പേരെ ഒഴിവാക്കിയതായാണ് കണക്കില്‍ നിന്ന് വ്യക്തമാകുന്നത്. വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഒക്ടോബര്‍ ഏഴിന് എസ്‌ഐആറുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതി പരിഗണിക്കും. എസ്‌ഐആറുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി അന്തിമവാദത്തിനായി പരിഗണിക്കുന്നതിന് മുമ്പ് തന്നെ ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ അടക്കമുള്ളവര്‍ ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ ബിഹാര്‍ സന്ദര്‍ശിക്കുന്നുണ്ട്. ഒക്ടോബര്‍ മൂന്നിന് ഡല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ആധാര്‍ അടക്കമുള്ള രേഖകള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പരിഗണിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ആധാര്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള രേഖയാക്കാന്‍ സാധിക്കില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നാല്‍ സുപ്രീം കോടതി ഇത് അംഗീകരിച്ചിരുന്നില്ല.

Scroll to Top