
വാഷിംഗ്ടണ്‍: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് ഫോര്‍മുല അംഗീകരിക്കുന്നതിന് ഹമാസിന് അന്ത്യശാസനം നല്കി അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്തലിന് തങ്ങള്‍ മുന്നോട്ട് വച്ച പദ്ധതി ഹമാസ് അംഗീകരിക്കണമെന്നും നാലുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നും ട്രംപ് നിര്‍ദേശിച്ചു. ഹമാസിന്റെ പ്രതികരണത്തിനായി മൂന്നോ നാലോ ദിവസം സമയം നല്‍കും. അനുസരിച്ചില്ലെങ്കില്‍ ുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.
‘എല്ലാം അറബ് രാജ്യങ്ങളും ഒപ്പുവെച്ചു, മുസ്ലിം രാജ്യങ്ങളും ഒപ്പുവെച്ചു, ഇസ്രയേലും ഒപ്പുവെച്ചു. ഇനി ഹമാസിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ഹമാസ് അത് ചെയ്യുമോ ഇല്ലയോ എന്നറിയണം. അങ്ങനെയല്ലെങ്കില്‍ അത് വളരെ സങ്കടകരമായ പര്യവസാനമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. തിങ്കളാഴ്ചയാണ് ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന പദ്ധതി ട്രംപ് പ്രഖ്യാപിച്ചത്. ബന്ദികളുടെ മോചനം, ഗാസയില്‍നിന്നുള്ള ഇസ്രയേല്‍ പിന്മാറ്റം, ഹമാസിന്റെ കീഴടങ്ങല്‍ നിബന്ധനകള്‍, പലസ്തീന് പ്രദേശങ്ങള്‍ താത്കാലികമായി ഭരിക്കുന്നതിന് പ്രത്യേക സമിതി രൂപവത്കരണം, ഗാസയ്ക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി എന്നിവ ഉള്‍പ്പെടുന്നതാണ് സമാധാന പദ്ധതി.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈറ്റ് ഹൗസിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്. അതിനിടെ, പലസ്തീനിലും വിദേശത്തുമുള്ള രാഷ്ട്രീയ, സൈനിക നേതൃത്വങ്ങള്‍ക്കുള്ളില്‍ ഹമാസ് നിരവധി കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സങ്കീര്‍ണതകള്‍ കാരണം ചര്‍ച്ചകള്‍ക്ക് നിരവധി ദിവസങ്ങള്‍ എടുത്തേക്കാമെന്ന് പലസ്തീന് വൃത്തങ്ങള്‍ പറയുന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.



