
തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളി കാണാതായ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്കാനാകാതെ കുഴങ്ങി ഉണ്ണികൃഷ്ണന് പോറ്റി. പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൃത്യമായ ഉത്തരം നല്കാന് ഉണ്ണികൃഷ്ണന് പോറ്റിക്ക് സാധിച്ചില്ല. താന്‍ ഒന്നും കട്ട് കൊണ്ടു പോയതല്ലെന്നും ആരോപണങ്ങള്‍ക്ക് ഉദ്യോഗസ്ഥരാണ് മറുപടി പറയേണ്ടതെന്നുമാണ് പോറ്റിയുടെ പ്രതികരണം.
പീഠം കാണാതെ പോയി എന്ന് താന്‍ പരാതി കൊടുത്തിട്ടില്ല. മെയില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ കോടതി ഒരു ചോദ്യം ചോദിച്ചതാണ്. എന്തുകൊണ്ടാണ് ഒരു മാസം സ്വര്‍ണപ്പാളി കയ്യില്‍ സൂക്ഷിച്ചതെന്ന് ചെന്നൈയിലിലെ കമ്പനിയോട് ചോദിച്ചാല്‍ മനസിലാകും. എന്നോട് മാത്രം ചോദിച്ചിട്ട് കാര്യമില്ല. എല്ലാത്തിനും മാധ്യമങ്ങളോട് ഉത്തരം പറയേണ്ടതില്ലെന്നും ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു.
അതേസമയം, ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍. തങ്ങള്‍ക്ക് കിട്ടിയത് ചെമ്പ് പാളിയെന്ന് ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം സ്വര്‍ണപ്പാളി ഏറ്റുവാങ്ങിയ അനന്ത സുബ്രഹ്മണ്യം പറഞ്ഞു. തങ്ങളാണ് ചെമ്പുപാളി സ്വര്‍ണം പൂശിയത്. അയ്യപ്പനെ സേവിക്കാന്‍ കിട്ടിയ അവസരമായാണ് അതിനെ കണ്ടതെന്നും, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചിരുന്നു എന്നും അനന്ത സുബ്രഹ്മണ്യം പറഞ്ഞു.



