
പാലക്കാട്: വീട്ടില്‍ കളിക്കുന്നതിനിടെ വീണ് കൈക്ക് പരുക്കേറ്റ ഒന്‍പതു വയസ്സുകാരിക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ മതിയായ ചികിത്സ നല്‍കാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്നതായി പരാതി. പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിക്കാണ് വലതുകൈ നഷ്ടമായത്. കൈക്ക് പൊട്ടലും മുറിവും ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ വെറുതെ മരുന്ന് വച്ച് മുറിവ് കെട്ടി വിടുകയും പിന്നീട്, മുറിവ് പഴുപ്പ് കയറി ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും ഇവിടെ വച്ച് കൈ മുറിച്ചുമാറ്റുകയുമായിരുന്നു.
സെപ്തംബര്‍ 24-നാണ് വിനോദിനി വീട്ടില്‍ കളിക്കുന്നതിനിടെ വീണ് കൈയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് കുടുംബം കുട്ടിയെ ആദ്യം ചിറ്റൂര്‍ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. കുട്ടിയുടെ കൈയില്‍ മുറിവും കൈയ്ക്ക് പൊട്ടലും ഉണ്ടായിരുന്നെങ്കിലും മുറിവില്‍ മരുന്നുകെട്ടി അതിനുമേലെ പ്ലാസ്റ്ററിടുക മാത്രമാണ് ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. കുട്ടിക്ക് വേദനയുണ്ടെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ല. പിന്നീട് വേദന സഹിക്കാനാവാതെ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്ലാസ്റ്റര്‍ അഴിച്ച് പരിശോധിച്ചു. ഇതോടെയാണ് കൈയിലെ മുറിവ് പഴുത്ത് വല്ലാത്ത അവസ്ഥയിലായെന്ന് മനസ്സിലായതും പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതെന്നും കുടുംബം പറഞ്ഞു.
അതിനിടെ, ചികിത്സാ പിഴവിനെത്തുടര്‍ന്ന് കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിക്കെതിരേ വന്‍ പ്രതിഷേധമാണുയരുന്നത്. കോണ്‍ഗ്രസിന്റേ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ കുടുംബം വെള്ളിയാഴ്ച ഡിഎംഒയ്ക്ക് പരാതി നല്കി.



