
ജറുസലേം: ഗാസയില്‍ സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെ ഹമാസിനെ ഏതുവിധേനയും ന്യായീകരിക്കുമെന്ന് ആവര്‍ത്തിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിലൂടെയോ സൈനിക നടപടികളിലൂടെയോ ഹമാസിനെ നിരായുധീകരിക്കുമെന്ന് നെതന്യാഹു വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഗാസയില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണമായി പിന്‍മാറില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസയില്‍ ഇസ്രായേല്‍ സേന നിയന്ത്രിക്കുന്ന പ്രദേശങ്ങള്‍ സൈന്യം നിലനിര്‍ത്തും. സമാധാന പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ കാലതാമസം ഡോണള്‍ഡ് ട്രംപ് അംഗീകരിക്കില്ലെന്നും നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഇസ്രായേല്‍ സേന ഗാസയില്‍ നിന്ന് പിന്‍മാറണമെന്നത് ഏറെക്കാലമായി ഹമാസ് ആവശ്യപ്പെടുന്നതാണ്. ഇക്കാര്യത്തിലാണ് പൂര്‍ണ പിന്‍മാറ്റം ഉണ്ടാകില്ലെന്ന് നെതന്യാഹു ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതിയെ കുറിച്ച് ഇസ്രയേലും ഹമാസും തമ്മില്‍ തിങ്കളാഴ്ച ഈജിപ്തില്‍വച്ച് ചര്‍ച്ചകള്‍ക്ക് തയാറെടുക്കുകയാണ്.
ഗാസയിലെ ബന്ദികളുടെ മോചനം സംബന്ധിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു. ഗാസയില്‍ ശേഷിക്കുന്ന 48 ബന്ദികളില്‍ 20 പേര്‍ ജീവനോടെയുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ ചില ഉപാധികള്‍ ഹമാസ് അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതമറിയിച്ചത്. അതേസമയം, മറ്റ് ഉപാധികളില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്.
ഹമാസിന്റെ പ്രതികരണം സ്വാഗതം ചെയ്ത ട്രംപ്, ഗാസയിലെ ബോംബിങ് ഉടന്‍ നിര്‍ത്തണമെന്നു ഇസ്രയേലിനോടു നിര്‍ദേശിച്ചിരുന്നു. യുഎസിന്റെ സമാധാന പദ്ധതി എത്രയും വേഗം അംഗീകരിക്കണമെന്നും അല്ലെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഹമാസ് ചില ഉപാധികള്‍ അംഗീകരിച്ചത്.



