
കോഴിക്കോട്: യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് അടച്ചിട്ടു. എസ്എഫ്ഐ-യുഡിഎസ്എഫ് സംഘര്‍ഷങ്ങളെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്കാണ് ക്യാംപസ് അടച്ചിട്ടത്. വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ജീവന് സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഡോ.പി.രവീന്ദ്രന് അറിയിച്ചു.
വെള്ളിയാഴ്ച കാലിക്കറ്റ് സര്‍വകലാശാലയിലെ ഡിപാര്‍ട്ട്മെന്റ് സ്റ്റുഡന്റ് യൂണിയന് തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയാണ് എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. എസ്എഫ്ഐ അനധികൃത ബാലറ്റ് പേപ്പര്‍ കൗണ്ടിങ് സെന്ററില്‍ കൊണ്ടുവന്നതായി യുഡിഎസ്എഫ് ആരോപിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായതെന്നും യുഡിഎസ്എഫ് പറയുന്നു.
എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ എസ്എഫ്ഐ ലീഡ് നേടിയതോടെയാണ് യുഡിഎസ്എഫ് വോട്ടെണ്ണല്‍ തടസപ്പെടുത്തിയതെന്ന് എസ്എഫ്ഐയും ആരോപിച്ചു. സംഘര്‍ഷത്തിനിടെ വോട്ടെണ്ണല്‍ നടക്കുന്ന ഇഎംഎസ് സെമിനാര്‍ കോപ്ലക്സിന്റെ വാതിലടക്കം തകര്‍ന്നിരുന്നു.



