ഗോ ബാക്ക് വിളികളുമായി ഡിവൈഎഫ്‌ഐ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം; പ്രതിരോധം തീര്‍ത്തും യൂത്ത് കോണ്‍ഗ്രസും ലീഗും

പാലക്കാട്: പാലക്കാട് പൊതുപരിപാടിക്കെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഡിവൈഎഫ്‌ഐ-ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. പാലക്കാട് പിരായിരിയില്‍ പഞ്ചായത്ത് പൊതുറോഡ് ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു രാഹുലിനെ ഡിവൈഎഫ്‌ഐയും ബിജെപിയും തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരെത്തി രാഹുലിന് പ്രതിരോധം തീര്‍ത്തു. ഇതോടെ പ്രതിഷേധം വകവയ്ക്കാതെ രാഹുല്‍ മുന്നോട്ട് നീങ്ങിയത് സംഘര്‍ഷത്തിനിടയാക്കി.

ആദ്യം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് രാഹുലിന്റെ കാര്‍ തടഞ്ഞ് പ്രതിഷേധിച്ചത്. ഇതോടെ പിരായിരി പഞ്ചായത്തിലെ ലീഗ് പ്രവര്‍ത്തകര്‍ രാഹുലിന് സംരക്ഷണമൊരുക്കി രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകരുടെ സഹായത്തോടെ രാഹുല്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

രാഹുലിനെ ചുമലിലേറ്റിയാണ് പ്രവര്‍ത്തകര്‍ ഉദ്ഘാടന സ്ഥലത്തേക്ക് എത്തിച്ചത്. പിരായിരിയില്‍ ലീഗ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകരും മുഖാമുഖം നില്‍ക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ വലിയ പൊലീസ് സന്നാഹം പിരായിരിയില്‍ എത്തിയിട്ടുണ്ട്.

 

Scroll to Top