
737 ദിവസമെന്നു പറയുന്നത് ഒരിക്കലും ഒരു ചെറിയ കാലയളവ് അല്ല. അത്രയും കാലം ഉറ്റവരെയോ ഉടയവരെയോ കാണാതെ ഇരുട്ടറയില്‍ തടവറയില്‍ കഴിയുന്ന കാര്യം ആലോചിച്ചു നോക്കിയിട്ടുണ്ടോ. അങ്ങനെ തടവറയില്‍ കഴിഞ്ഞ് ജീവനോടെ പുറംലോകം കാണുന്നവരുടെ മാനസികാവസ്ഥ, ആ സന്തോഷം എത്രത്തോളമാകും. ഹമാസിന്റെ തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട 20 ബന്ദികളും ഇന്ന് സ്വന്തം നാട്ടിലെത്തി. ഉറ്റവരെയും ഉടയവരെയും കണ്ടു. 2023 ഒക്ടോബര്‍ ഏഴുമുതല്‍ ഹമാസ് തടവിലാക്കിയ മുഴുവന്‍ ഇസ്രായേലി ബന്ദികളെയും ഇന്ന് ഹമാസ് മോചിപ്പിച്ചു. അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വച്ച സമാധാന പദ്ധതിയിലെ ഉടമ്പടി അനുസരിച്ചാണ് ബന്ദി മോചനം സാധ്യമായത്. മോചിതരായെത്തുന്ന ബന്ദികളെ സ്വീകരിക്കാന്‍ ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ വന്‍ സ്വീകരണ പരിപാടി ഒരുക്കിയിരുന്നു. ബന്ദികളില്‍ ജീവനോടെ ശേഷിക്കുന്നവരാണ് മോചിതരായിട്ടുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നത് വൈകിയേക്കുമെന്ന് സൂചനയുണ്ട്. അതേസമയം, ഇസ്രായേലിന്റെ തടവിലുള്ള പലസ്തീനി തടവുകാരെയും മോചിപ്പിക്കും.
ഗാസ സമാധാന ഉടമ്പടി പ്രകാരമുള്ള കൈമാറ്റത്തിലൂടെയാണ് രണ്ട് ഘട്ടമായി ബന്ദികളെ മോചിപ്പിച്ചത്. ആദ്യം ഏഴ് ബന്ദികളെയും പിന്നീട് 13 പേരെയും റെഡ് ക്രോസ് വഴി ഹമാസ് ഇസ്രയേലിന് കൈമാറി. മാതന്‍ ആംഗ്രസ്റ്റ്, സഹോദരങ്ങളായ ഗാലി, സിന്‍ ബെര്‍മാന്‍, അലോണ്‍ ഒഹെല്‍, ഈറ്റന്‍ മോര്‍, ഓമ്രി മിറാന്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിച്ചത്. ബാര്‍ എബ്രഹാം കുപ്പര്‍ഷൈന്‍, എവ്യാതര്‍ ഡേവിഡ്, യോസെഫ്-ചൈം ഒഹാന, സെഗെവ് കല്‍ഫോണ്‍, അവിനാറ്റന്‍ ഓര്‍, എല്‍ക്കാന ബോബോട്ട്, മാക്‌സിം ഹെര്‍ക്കിന്‍, നിമ്രോഡ് കോഹന്‍, മതാന്‍ ആംഗ്രെസ്റ്റ്, മതാന്‍ സാന്‍ഗൗക്കര്‍, ഈറ്റന്‍ ഹോണ്‍, ഗാലി ബെര്‍മന്‍, സിവ് ബെര്‍മന്‍, ഗൈ ഗില്‍ബോവ-ദലാല്‍, റോം ബ്രാസ്ലാവ്സ്‌കി, ഏരിയല്‍ കുനിയോ, ഡേവിഡ് കുനിയോ എന്നിവരും വൈകാതെ മോചിതരായി. ഖാന്‍ യൂനിസ്, നെറ്റ്‌സരീം എന്നിവിടങ്ങളില്‍ വച്ച് റെഡ് ക്രോസ് അധികൃതര്‍ക്കാണ് ബന്ദികളെ കൈമാറിയത്. മോചിതരായവരെ റെഡ് ക്രോസ് ഇസ്രയേല്‍ സൈന്യത്തിന് കൈമാറി. ശേഷം മോചിതരായവരെ വൈദ്യപരിശോധനയ്ക്കായി റെയിമിന് അടുത്തുള്ള ഒരു സൈനിക കേന്ദ്രത്തിലേക്ക് എത്തിച്ചു.
ഇസ്രയേലി ബന്ദികളുടെ മോചനത്തിന് പകരമായി ഗാസ നിവാസികളടക്കമുള്ള രണ്ടായിരത്തോളം പലസ്തീനികളെ ഇസ്രയേലും വിട്ടയക്കും. ഇതില്‍ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 250 പലസ്തീന്‍ തടവുകാരെ ഉടനടി കൈമാറും. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 1,950 പലസ്തീന്‍ തടവുകാരെയാണ് ഇസ്രയേല്‍ മോചിപ്പിക്കുക. അതേസമയം. ഹമാസിന്റെ തടവിലിരിക്കെ മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നത് വൈകിയേക്കുമെന്ന് സൂചനയുണ്ട്. മോചിതരായ ഇസ്രയേലികളുടെ ബന്ധുക്കള്‍ ടെല്‍ അവീവില്‍ എത്തിയിരുന്നു. ബന്ദികള്‍ മോചിതരായതോടെ ഇസ്രയേലില്‍ വന്‍ ആഹ്‌ളാദ പ്രകടനമാണ് നടക്കുന്നത്.
മോചിതരായെത്തുന്ന ബന്ദികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ ഇസ്രായേല്‍ ഭരണകൂടം ടെല്‍ അവീവില്‍ ഒരുക്കിയിരുന്നു. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും സമ്മാനങ്ങളുമായാണ് ബന്ദികളെ നെതന്യാഹുവും സംഘവും സ്വാഗതം ചെയ്തത്. ആ കുറിപ്പില്‍ ഹൃദയം തൊട്ടെടുത്ത ഭാഷയില്‍ വൈകാരികമായി ഇങ്ങനെ കുറിച്ചിരുന്നു., ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു. ഇസ്രായേലിലെ എല്ലാ ജനങ്ങളുടെയും പേരില്‍ സ്വാഗതം ചെയ്യുന്നു. സ്‌നേഹാശ്ലേഷങ്ങള്‍. വസ്ത്രങ്ങള്‍, വ്യക്തിഗത സാധനങ്ങള്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ് മുതലായവ അടങ്ങിയ സ്വാഗത പാക്കേജും ബന്ദികള്‍ക്കായി ഇസ്രായേലി ഭരണകൂടം ഒരുക്കി വച്ചു.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ അതിര്‍ത്തി കയറി ഹമാസ് നടത്തിയ ആക്രമണത്തിലാണ് 251 ബന്ദികളെ പിടികൂടി തടവിലാക്കിയത്. ഇതില്‍ 48 പേരാണ് ശേഷിക്കുന്നത്. 20 പേര്‍ ജീവനോടെയും 28 പേരുടെ മൃതദേഹങ്ങളും ഹമാസിന്റെ കൈവശം ഉണ്ടായിരുന്നു. ഇതില്‍ ജീവനോടെയുള്ള ബന്ദികളെ വിട്ടയച്ചു. 251 പേരില്‍ ശേഷിക്കുന്ന ബന്ദികളെ കഴിഞ്ഞ രണ്ടുതവണത്തെ വെടിനിര്‍ത്തലിലായി വിട്ടയച്ചിരുന്നു. ചിലര്‍ കൊല്ലപ്പെടുകയുമുണ്ടായി. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും പരസ്പര വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണ് ബന്ദി മോചനം സാധ്യമായത്. കരാര്‍ അനുസരിച്ച് ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് പിന്‍മാറി തുടങ്ങിയിട്ടുണ്ട്.
ട്രംപ് മുന്നോട്ട് വച്ച 20 ഇന സമാധാന പദ്ധതിയില്‍ ബന്ദി മോചനവും സൈനിക പിന്‍മാറ്റവും അടക്കമുള്ള സുപ്രധാന നിര്‍ദേശങ്ങളില്‍ മാത്രമാണ് ഇപ്പോഴും അംഗീകാരമായിട്ടുള്ളത്. ഹമാസിനെ സമ്പൂര്‍ണമായി നിരായുധീകരിക്കുന്നതടക്കമുള്ള കടുത്ത നിബന്ധനകളിലും ഗാസ പുനര്‍നിര്‍മാണം അടക്കമുള്ള കാര്യങ്ങളിലും ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സൈനിക നീക്കം പുനരാരംഭിക്കുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കിയിട്ടുമുണ്ട്. പലസ്തീന്റെ ഭരണം സ്വതന്ത്ര കമ്മിറ്റിക്ക് കൈമാറുന്നതിലും ഹമാസിന് എതിര്‍പ്പുണ്ട്. തങ്ങള്‍ക്ക് പ്രാതിനിധ്യം ഇല്ലെങ്കില്‍ പോലും ഹമാസിനെ കൃത്യമായ ഒരു രാഷ്ട്രീയ സംവിധാനത്തില്‍ പുനഃസ്ഥാപിക്കണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. അതോടൊപ്പം 90 ശതമാനവും തകര്‍ക്കപ്പെട്ട ഗാസ പുനര്‍നിര്‍മാണം സംബന്ധിച്ചും അതിനുള്ള സാമ്പത്തിക സഹായങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ ആവശ്യമാണ്.



