
കോഴിക്കോട്: ഒന്‍പത് വയസ്സുകാരിയായ മകള്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ചെന്ന് ആരോപിച്ച് പിതാവ് ഡോക്ടറെ വെട്ടിപ്പരുക്കേല്പിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുട്ടി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമല്ലെന്ന് തെളിയിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്‍ഫ്ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യൂമോണിയയെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമീബിക് മസ്തിഷ്കജ്വരം മൂലമാണ് കുട്ടി മരിച്ചതെന്നായിരുന്നു ഡോക്ടര്‍മാര്‍ നേരത്തെ മുതല്‍ വാദിച്ചിരുന്നത്. ചികിത്സാ പിഴവിനെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന് ആരോപിച്ച് പിതാവ് സനൂപ് ഡോക്ടറെ വെട്ടിപ്പരുക്കേല്‍പിച്ചിരുന്നു. വെട്ടേറ്റ ഡോ.വിപിന്‍ കഴിഞ്ഞ ദിവസം ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു.
ആഗസ്റ്റ് 14-നാണ് ഒന്‍പത് വയസ്സുകാരി അനയ മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അനയയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചെന്നായിരുന്നു ആശുപത്രിയുടെ വാദം.
എന്നാല്‍, താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ മകള്‍ക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. മകള്‍ക്ക് രോഗം സ്ഥിരീകരിച്ചതിലും മകളുടെ മരണത്തിലും തനിക്ക് സംശയമുണ്ടെന്നും സനൂപ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒക്ടോബര്‍ എട്ടാംതീയതി സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്റെ തലയ്ക്ക് കൊടുവാള് കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. തലയോട്ടിയുടെ പുറമേയുള്ള ഭാഗത്താണ് ഡോ. വിപിന്‍ പരിക്കേറ്റത്. മറ്റൊരു ഡോക്ടറെ ആക്രമിക്കാനായിരുന്നു സനൂപ് ലക്ഷ്യമിട്ടതെങ്കിലും ആളുമാറിയാണ് ഡോ. വിപിന്‍ വെട്ടേറ്റതെന്നാണ് പുറത്തുവന്ന വിവരം.
ഡോക്ടറെ ആശുപത്രിയിലെത്തി ആക്രമിച്ച സംഭവം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഈ കേസില്‍ സനൂപ് ജയിലില്‍ തുടരുന്നതിനിടെയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നത്.



