
കൊച്ചി: ഹിജാബ് ധരിച്ചെത്തിയതിന് വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ നിന്ന് പുറത്താക്കിയെന്ന വിവാദത്തില്‍ ഡിഡിഇയുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിക്കാതെ ഹൈക്കോടതി. ഡിഡിഇയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സെന്റ് റീത്താസ് സ്കൂള്‍ മാനേജ്മെന്റിന് ഹൈക്കോടതിയില്‍ തിരിച്ചടിയേറ്റു. ഹിജാബ് ധരിച്ചെത്തിയാലും കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന സ്കൂളിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
കുട്ടി ഹിജാബ് ധരിച്ച് സ്കൂളിലെത്തിയാലും പഠിപ്പിക്കണം, പുറത്താക്കരുതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ നല്കിയ നോട്ടീസില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ സ്കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് രണ്ടും സ്കൂള്‍ അധികൃതര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിനെതിരേയാണ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. ഡിഡിഇയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു മാനേജ്മെന്റിന്റെ ആവശ്യം. എന്നാല്‍, ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല.
വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരില്‍ നിന്ന് കോടതി വിശദീകരണം തേടി. കേസ് അടുത്ത വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
അതേസമയം, ഹിജാബ് വിഷയം വിവാദമായ സാഹചര്യത്തില്‍ കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും തുടര്‍ന്ന് ഈ സ്കൂളില്‍ പഠിക്കാന്‍ തയ്യാറല്ലെന്നും കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു. ടിസി വാങ്ങി മറ്റൊരു സ്കൂളില്‍ കുട്ടിയെ ചേര്‍ക്കുമെന്ന് പിതാവ് അറിയിച്ചു.



