
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. 2019-ല്‍ സന്നിധാനത്തുനിന്ന് ദ്വാരപാലക കവചങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി ഏറ്റുവാങ്ങിയത് സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ പങ്ക് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ചോദ്യംചെയ്യല്‍.
അനന്ത സുബ്രഹ്‌മണ്യത്തെ തിങ്കളാഴ്ച രാവിലെയാണ് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുത്തിയത്. എസ്‌ഐടി ഉദ്യോഗസ്ഥര്‍ രാവിലെ അനന്തനെ പ്രത്യേകമായി ചോദ്യം ചെയ്തു. പിന്നീട് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. മറുപടി തൃപ്തികരമല്ലെങ്കില്‍ അനന്ത സുബ്രഹ്‌മണ്യത്തിന്റെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങിയേക്കും.
പാളികളുമായി ബംഗളൂരുവിലേക്ക് പോയത് അനന്ത സുബ്രഹ്‌മണ്യമാണെന്നാണ് കണ്ടെത്തല്‍. പിന്നീട് ഉണ്ണികൃഷ്ണന്‍ പോറ്റി നിര്‍ദ്ദേശിച്ചതനുസരിച്ച് ഹൈദരാബാദില്‍ നാഗേഷ് എന്ന് പറയുന്ന വ്യക്തിക്ക് ഈ പാളികള്‍ കൈമാറിയതും അനന്ത സുബ്രഹ്‌മണ്യമാണെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ എല്ലാ ഇടപാടുകളും അടുത്ത് അറിയാവുന്ന വ്യക്തിയാണ് അനന്ത സുബ്രഹ്‌മണ്യമെന്നാണ് ദേവസ്വം വിജിലന്‍സിന്റെയും എസ്‌ഐടിയുടെയും വിലയിരുത്തല്‍. പോറ്റിക്ക് അത്രത്തോളം വിശ്വാസമുള്ളതിനാലാണ് സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങാനായി സുബ്രഹ്‌മണ്യത്തെ ചുമതലപ്പെടുത്തിയത്.
അതേസമയം, അനന്ത സുബ്രഹ്‌മണ്യത്തിലേക്ക് അന്വേഷണം എത്തിയിട്ടുണ്ടെങ്കിലും, പ്രതിപ്പട്ടികയിലുള്ള പലരെയും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ മാത്രം കേസ് ഒതുങ്ങുമോ എന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അടുത്തേക്ക് അന്വേഷണം എത്തിയാല്‍ അത് അന്നത്തെ ദേവസ്വം ബോര്‍ഡ് നേതൃത്വത്തിലേക്കും രാഷ്ട്രീയ നേതൃത്വത്തിലേക്കും പോകും.അതുകൊണ്ടായിരിക്കാം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാത്തതെന്നാണ് ആക്ഷേപം.



