വെനസ്വേലയ്ക്കു സമീപം കരീബിയന്‍ കടലില്‍ യു.എസ് സൈന്യത്തിന്റെ ആക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യമിട്ടെന്ന് യു.എസ്

വാഷിംഗ്ടണ്‍: വെനസ്വേലയ്ക്കു സമീപം കരീബിയന്‍ കടലില്‍ വീണ്ടും ആക്രമണം നടത്തി അമേരിക്കന്‍ സൈന്യം. വെനസ്വേലയുടെ അടുത്തായി നടന്ന ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയാണ് ആക്രമിച്ചതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഒരു വിഭാഗമാണ് കപ്പലിലുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഏത് സംഘത്തെയാണ് ലക്ഷ്യമിട്ടതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

സെപ്തംബര്‍ ആദ്യം മുതല്‍ കരീബിയന്‍ തീരത്ത് യുഎസ് സൈന്യം നടത്തുന്ന പതിനഞ്ചാമത്തെ ആക്രമണമാണിത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് സൈന്യം പറഞ്ഞു. ഇതുവരെയുള്ള ആക്രമണങ്ങളില്‍ യുഎസ് സൈന്യം 64 പേരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ട്. യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയാനാണ് ആക്രമണമെന്നാണ് യുഎസ് ഭരണകൂടം പറയുന്നത്. വലിയ സൈനിക വിന്യാസമാണ് മേഖലയില്‍ യുഎസ് നടത്തിയിരിക്കുന്നത്.

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ സൈനിക നടപടികളെയും യുഎസ് സൈനിക വിന്യാസത്തെയും വിമര്‍ശിച്ചിരുന്നു. തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ യുഎസ് ഭരണകൂടം നടത്തുന്ന ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. വെനസ്വേല തീരത്ത് യുഎസ് കഴിഞ്ഞ മാസം ബി1 ബോംബറുകള്‍ പറത്തിയിരുന്നു. എഫ് 35 ബി വിമാനങ്ങളും പരിശീലനത്തില്‍ പങ്കെടുത്തു. 8 യുദ്ധക്കപ്പലുകളും പി8 പട്രോള്‍ വിമാനങ്ങളും എംക്യു9 ഡ്രോണുകളും എഫ് 35 വിമാനങ്ങളും കരീബിയന്‍ കടലില്‍ നിരീക്ഷണം നടത്തുന്നുണ്ട്.

Scroll to Top