ജനാധിപത്യമോ, ഏകാധിപത്യമോ.? തെരഞ്ഞെടുപ്പ് മാത്രമാണോ കാരണം., ടാന്‍സാനിയയിലെ ആഭ്യന്തര കലാപത്തിന് കാരണമെന്ത്.?

നിരവധി മലയാളികള്‍ അടക്കം കാല്‍ലക്ഷത്തിനടുത്ത് ഇന്ത്യക്കാര്‍ അധിവസിക്കുന്ന ടാന്‍സാനിയ സംഘര്‍ഷഭരിതമായിരിക്കുകയാണ്. മലയാളികള്‍ അടക്കമുള്ളവരില്‍ ആശങ്ക പരത്തിയാണ് ടാന്‍സാനിയയില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പും അതില്‍ അട്ടിമറി ആരോപിച്ച് ഒരുവിഭാഗം നടത്തിയ സമരങ്ങളുമാണ് വലിയൊരു കലാപത്തിലേക്ക് ടാന്‍സാനിയയെ നയിച്ചത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് സാമിയ സുലുഹു ഹസ്സന്‍ 97 ശതമാനം വോട്ട് നേടി ജയിച്ചെന്ന അവകാശവാദം അംഗീകരിക്കാത്തവര്‍ പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു. ഈ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്കും കലാപത്തിലേക്കും വഴി തെളിച്ചത്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ നടന്ന സംഘര്‍ഷങ്ങളില്‍ എണ്ണൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പ്രതിപക്ഷ പാര്‍ട്ടിയായ ചാഡിമയുടെ ആരോപണം. ടാന്‍സാനിയയുടെ രണ്ട് പ്രവിശ്യകളിലായാണ് സംഘര്‍ഷം. ദാറെസ്സലാമില്‍ 350 പേരോളം കൊല്ലപ്പെട്ടതായാണ് കണക്ക്. മുവാന്‍സയില്‍ 200-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമാണ് ടാന്‍സാനിയ. ഏകപക്ഷീയമായി തെരഞ്ഞെടുപ്പിനെ നേരിട്ട സാമിയ സുലുഹു ഹസ്സന്‍ 97 ശതമാനം വോട്ടുകള്‍ നേടി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടെന്ന അവകാശവാദമാണ് സംഘര്‍ഷം ആരംഭിക്കാന്‍ കാരണം. സാമിയ സുലുഹു ഹസ്സന്റെ വിജയം അംഗീകരിക്കാത്തവര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് ഒരു വിഭാഗം തെരുവിലിറങ്ങി വോട്ടെടുപ്പിനെതിരെ പ്രതിഷേധിക്കുകയും വോട്ടെണ്ണല്‍ തടസ്സപ്പെടുത്തുകയും ചെയ്തതോടെ ടാന്‍സാനിയയില്‍ സ്ഥിതി കലുഷിതമായി. പ്രതിഷേധക്കാര്‍ പോസ്റ്ററുകള്‍ വലിച്ചു കീറുകയും പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും ചെയ്തു. കലാപം അടിച്ചമര്‍ത്താന്‍ പോലീസിനെ സഹായിക്കുന്നതിനായി സൈന്യത്തെ വിന്യസിച്ചു. സുരക്ഷാസേനയുമായും പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. ആക്രമണങ്ങള്‍ ടാന്‍സാനിയയില്‍ ഉടനീളം വ്യാപിച്ചതിനെ തുടര്‍ന്ന്, നവംബര്‍ 3 ന് തുറക്കാനിരുന്ന യൂണിവേഴ്‌സിറ്റികള്‍ തുറക്കുന്നത് സര്‍ക്കാര്‍ മാറ്റിവച്ചു.

സംഘര്‍ഷം വ്യാപിച്ച് അശാന്തി പരന്നതോടെ പലയിടങ്ങളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി റദ്ദാക്കി. ഇത് യാത്രകളെയും മറ്റ് പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നതായാണ് വിവരം. ടാന്‍സാനിയന്‍ സേനാ മേധാവി ജനറല്‍ ജേക്കബ് മുകുന്ദ മാത്രമാണ് സംഘര്‍ഷത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടുള്ളത്. അതുതന്നെ സമരക്കാരെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു. സമരക്കാരെ ക്രിമിനലുകള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മലയാളികള്‍ അടക്കം ഇരുപതിനായിരത്തോളം വരുന്ന ടാന്‍സാനിയയിലെ ഇന്ത്യക്കാരും ആശങ്കയിലാണ്. അക്രമങ്ങളില്‍ എത്രപേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന് അധികൃതര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാക്കളില്‍ പലരും രാജ്യദ്രോഹക്കുറ്റം ചുമത്തി മാസങ്ങളായി ജയിലിലാണ്. പ്രസിഡണ്ട് സാമിയ സുലുഹു ഹസ്സന്റെ പ്രധാന എതിരാളികളായ രണ്ട് പ്രതിപക്ഷ നേതാക്കളെ തെരഞ്ഞെടുപ്പില്‍ നിന്ന് തടയുകയോ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയോ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഈ തെരഞ്ഞെടുപ്പ് ഒരു മത്സരമായിരുന്നില്ല, മറിച്ച് കിരീടധാരണമായിരുന്നുവെന്ന് വിമര്‍ശകരും പ്രതിപക്ഷ ഗ്രൂപ്പുകളും ആരോപിക്കുന്നു. 2021-ലാണ് സാമിയ സുലുഹു ഹസ്സന്‍ ആദ്യമായി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് ജോണ്‍ മഗുഫുലിയെ തോല്‍പിച്ച് പ്രസിഡണ്ടായ സാമിയയ്ക്ക് പക്ഷേ, സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഒപ്പം സൈന്യത്തില്‍ നിന്നും ആഭ്യന്തര പോര് വേണ്ടുവോളം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഈ പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന് ഇപ്പോള്‍ നേടിയ വിജയം അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കുന്നതിന്റെ സൂചനയായി വിദഗ്ധര്‍ വിലയിരുത്തുന്നു.

Scroll to Top