
തിരുവനന്തപുരം: കേരളത്തിന് ലഭിക്കേണ്ട സമഗ്ര ശിക്ഷാ കേരള ഫണ്ടിന്റെ ആദ്യഗഡു കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചു. തടഞ്ഞുവച്ചിരുന്ന 92.41 കോടി രൂപയാണ് കേരളത്തിനു കിട്ടിയത്. രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിക്കും എന്നാണ് വിവരം. സര്‍വശിക്ഷ അഭിയാനുമായി ബന്ധപ്പെട്ട് കേരളത്തിന് അര്‍ഹമായ തുക നല്‍കുമെന്ന് കേന്ദ്രം ചൊവ്വാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം പണം അനുവദിച്ചത്.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനു പിന്നാലെയാണ് ഫണ്ട് അനുവദിച്ചത്. കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോയെങ്കിലും കേന്ദ്രത്തിനു കത്തയച്ചിരുന്നില്ല. കത്ത് വൈകിപ്പിച്ച ഈ നടപടിയാണ് സംസ്ഥാനത്തിനു നേട്ടമായത്. സംസ്ഥാനം പദ്ധതിയില്‍നിന്ന് പിന്മാറിയെന്ന് കത്ത് അയയ്ക്കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. എന്നാല്‍ കത്ത് അയക്കുന്നത് സര്‍ക്കാര്‍ വൈകിപ്പിക്കുകയായിരുന്നു.
അതേസമയം, പിഎം ശ്രീയില്‍ നിന്ന് പിന്മാറിക്കൊണ്ടുള്ള കത്ത് കേന്ദ്രത്തിനു സംസ്ഥാനം അയക്കുന്നത് ഉറപ്പാക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരിനെ കൊണ്ട് തിരുത്തിക്കാനായത് പാര്‍ട്ടിയുടെ വലിയ നേട്ടമാണെന്ന് യോഗം വിലയിരുത്തി.



