
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ നിര്‍ദ്ദേശം നല്‍കി. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കറുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത ജില്ലാകളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു കമ്മീഷണറുടെ നിര്‍ദ്ദേശം.
തദ്ദേശ പൊതു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസ്സവുമുണ്ടാകാത്ത രീതിയില്‍ വേണം വോട്ടര്‍പട്ടിക തീവ്രപരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ജില്ലാ കലക്ടര്‍മാരോട് ആവശ്യപ്പെട്ടു. കമ്മീഷന്‍ ആവശ്യപ്പെട്ട വിഭാഗം ജീവനക്കാരെ ഒഴിവാക്കി മറ്റ് ജീവനക്കാരെ ജില്ലാ കലക്ടര്‍മാര്‍ക്ക് ബി.എല്‍.ഒമാരായി നിയമിക്കുന്നതിന് തടസ്സമൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ട് ഭരണഘടനാ സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയാണ് വോട്ടര്‍പട്ടിക തയ്യാറാക്കലും തെരഞ്ഞെടുപ്പ് നടത്തിപ്പും. അവ രണ്ടും തടസ്സമില്ലാതെ സുഗമമായി നടത്തേണ്ടതാണെന്ന് കമ്മീഷണര്‍ ഓര്‍മ്മപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പും തീവ്ര വോട്ടര്‍പട്ടിക പരിശോധനയും തടസ്സം കൂടാതെ നടത്താനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാതലത്തില്‍ സ്വീകരിക്കുമെന്ന് കലക്ടര്‍മാര്‍ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ പതിന്നാല് ജില്ലകളിലെയും കലക്ടര്‍മാര്‍ പങ്കെടുത്തു.



