ആറുമാസം പ്രായമായ കുഞ്ഞിന്റെ മരണം; അമ്മൂമ്മ റോസിലി അറസ്റ്റില്‍; മാനസിക വിഭ്രാന്തിയുള്ള റോസിലി ആശുപത്രിയില്‍ ചികിത്സയില്‍

അങ്കമാലി: അങ്കമാലിയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മൂമ്മ തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ അമ്മൂമ്മയെ അറസ്റ്റ് ചെയ്തു. റോസിലി എന്ന 66 കാരിയെ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് റോസിലി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. അറസ്റ്റിലായ റോസിലി ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിനെ അമ്മൂമ്മ തന്നെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. കൊല നടത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്നു രാവിലെ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മാനസികാസ്വാസ്ഥ്യം നേരിടുന്ന റോസിലിയെ കോടതിയില്‍ ഹാജരാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായില്ല. ആരോഗ്യനില മോശമായി തുടരുകയാണെങ്കില്‍ ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തിലാക്കിയേക്കും.

ചെല്ലാനം ആറാട്ടുപുഴക്കടവില്‍ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് കൊല്ലപ്പെട്ട ഡല്‍ന മരിയ സാറ. കുഞ്ഞിന്റെ ജ്യേഷ്ഠന്‍ ഡാനിയേലിന്റെ നാലാം പിറന്നാള്‍ കൂടിയായിരുന്നു ഇന്നലെ. ഇത് ആഘോഷിക്കാന്‍ കുടുംബം തയാറെടുക്കുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മാതാപിതാക്കള്‍ അസുഖബാധിതരായതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് റൂത്ത് സ്വന്തം വീട്ടിലേക്കു വന്നത്. ഇതിനിടെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ക്കു ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണസംഭവം ഉണ്ടായത്.

മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെത്തി. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം റോസിലിയുടെ അടുത്തു കിടത്തി ഭക്ഷണമെടുക്കാനായി റൂത്ത് അകത്തേക്ക് പോയി തിരിച്ചു വരുമ്പോഴാണ് അനക്കമറ്റ നിലയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടത്. വീട്ടിലെ ബഹളം കേട്ട് അയല്‍വാസികളടക്കം ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Scroll to Top