ബിഹാറില്‍ എന്‍ഡിഎ ഭരണത്തുടര്‍ച്ചയെന്ന് എക്‌സിറ്റ് പോള്‍ സര്‍വേ; ഇന്ത്യാ മുന്നണിക്ക് എക്‌സിറ്റ് പോള്‍ പ്രവചനം 70 സീറ്റ് വരെ., പി.കെ ചലമനമുണ്ടാക്കില്ലെന്നും പ്രവചനം

പട്‌ന: ബിഹാറില്‍ സകല പ്രചാരണങ്ങളുടെയും മുനയൊടിച്ച് എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രവചനം. വോട്ട് കൊള്ള ആരോപണങ്ങള്‍ക്കും വികസന മുരടിപ്പ് പ്രചാരണങ്ങളെയും നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ ഭരണം നേടുമെന്നാണ് പ്രവചനം. വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ 130ലേറെ സീറ്റുകളാണ് എന്‍ഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. മൂന്ന് എക്‌സിറ്റ് പോളുകള്‍ മാത്രമാണ് ഇന്ത്യാ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത്. അതേസമയം, ഏറെ അവകാശവാദവുമായി എത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി വലിയ ചലനമുണ്ടാക്കില്ലെന്നാണ് പ്രവചനം.

പീപ്പിള്‍സ് പള്‍സിന്റെ എക്‌സിറ്റ് പോളിലെ പ്രവചനപ്രകാരം 133-159 സീറ്റുകള്‍ വരെ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 75-101 സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 2 മുതല്‍ 5 വരെ സീറ്റ് നേടും. ജന്‍ സുരാജ് പാര്‍ട്ടിക്ക് പരമാവധി 5 സീറ്റ് വരെ മാത്രമേ ലഭിക്കു എന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പീപ്പിള്‍സ് ഇന്‍സൈറ്റ് എക്‌സിറ്റ് പോളില്‍ എന്‍ഡിഎ 133-148 സീറ്റുകളാണ് എന്‍ഡിഎക്ക് പ്രവചിക്കുന്നത്. ഇന്ത്യാ സഖ്യത്തിന് 87മുതല്‍ 102 വരെ സീറ്റ് മാത്രമേ ലഭിക്കൂവെന്നും ഈ ഏജന്‍സി പ്രവചിക്കുന്നു. മാട്രിസ് എക്‌സിറ്റ് പോളില്‍ 147-167 സീറ്റ് വരെ എന്‍ഡിഎക്കും 70 മുതല്‍ 90 വരെ സീറ്റ് ഇന്ത്യാ സഖ്യത്തിനും പ്രവചിക്കുന്നു.

ഇന്നു നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 67.14 എന്ന റെക്കോഡ് പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. 122 മണ്ഡലങ്ങളിലായിരുന്നു രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ്. നവംബര്‍ 6ന് 121 മണ്ഡലങ്ങളില്‍ നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനമായിരുന്നു പോളിങ്. ആകെ 243 മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്.

Scroll to Top