
ന്യൂഡല്‍ഹി: ഫരീദാബാദില്‍ നിന്ന് സ്ഫോടക വസ്തുക്കളുമായി പിടിയിലായ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഇന്ത്യയില്‍ സ്ഫോടനം നടത്താന്‍ രണ്ടുവര്‍ഷം മുന്‍പ് തന്നെ ഒരുക്കം തുടങ്ങിയിരുന്നതായി വെളിപ്പെടുത്തല്‍. രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്ഫോടനം നടത്താന്‍ ചെങ്കോട്ടയ്ക്കു മുന്നില്‍ സ്ഫോടനം നടത്തിയ ഭീകരര്‍ പദ്ധതിയിട്ടിരുന്നു. രണ്ടുവര്‍ഷം മുന്‍പുതന്നെ ഇതിനായി ആസൂത്രണം നടത്തിയിരുന്നതായും ഫരീദാബാദില്‍ നിന്ന് ഭീകര പ്രവര്‍ത്തനത്തിന് നേരത്തേ അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീല്‍ അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തി.
രണ്ടു വര്‍ഷമായി സ്ഫോടക വസ്തുക്കളും ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കളും റിമോട്ട് കണ്ട്രോള് സംവിധാനങ്ങളും ശേഖരിച്ചിരുന്നതായി ഡോ. മുസമ്മില്‍ ഷക്കീല്‍ എന്‍ഐഎയോട് വെളിപ്പെടുത്തി. ബോംബ് നിര്‍മാണത്തിനായുള്ള യൂറിയയും അമോണിയം നൈട്രേറ്റും അടക്കമുള്ളവ വാങ്ങുന്നത് മുസമ്മിലിന്റെ ചുമതലയായിരുന്നു. 3 ലക്ഷം രൂപയ്ക്കാണ് ഹരിയാനയില്‍നിന്ന് ഇവ വാങ്ങിയത്. സ്ഫോടനത്തിനായി ഫണ്ട് കണ്ടെത്തിയത് ഡോക്ടര്‍ സ്വന്തം നിലയ്ക്കാണ്. 26 ലക്ഷത്തോളം രൂപ ഇങ്ങനെ പിരിച്ചെടുത്തതായും വെളിപ്പെടുത്തി.
10ന് വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപമായിരുന്നു സ്ഫോടനം. ലാല്‍ ക്വില (റെഡ് ഫോര്‍ട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ 13പേര് മരിച്ചു.
ചെങ്കോട്ടയ്ക്കു മുന്നില്‍ കാര്‍ ബോംബ് സ്ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയുടെ കൂട്ടാളിയാണ് ഡോ. മുസമ്മില്‍ ഷക്കീല്‍. ചെങ്കോട്ട സ്ഫോടനത്തിന് മണിക്കൂറുകള്‍ക്കു മുന്‍പാണ് മുസമ്മില്‍ ഉള്‍പ്പെടെയുള്ള 3 ഡോക്ടര്‍മാരെ സ്ഫോടക വസ്തുക്കളും ആയുധങ്ങളുമായി ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റു ചെയ്തത്.



