സത്യം ജയിക്കും; കുറ്റം ചെയ്തിട്ടില്ലെന്ന് ഉറച്ച ബോധ്യമുണ്ട്; പോരാട്ടം തുടരും: രാഹുല്‍ മാങ്കൂട്ടത്തില്‍

ലൈംഗികാരോപണത്തില്‍ അതിജീവിത പരാതി നല്‍കിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ ഫേസ്ബുക്കില്‍ കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം, നിയമപരമായി തന്നെ പോരാടുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും സത്യം ജയിക്കുമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതിജീവത രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതിനു പിന്നാലെയാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വ്യാഴാഴ്ച വൈകുന്നേരമാണ് അതിജീവിതയായ യുവതി രാഹുലിനെതിരെ നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. ചാറ്റും വോയ്‌സ് റെക്കോര്‍ഡും സ്‌ക്രീന്‍ഷോട്ടും അടക്കം ഡിജിറ്റല്‍ തെളിവുകളും യുവതി കൈമാറിയിട്ടുണ്ട്. ഇതുവരെ യുവതി പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് വഴിമുട്ടിയ കേസന്വേഷണത്തിന്റെ ഗതിമാറ്റുന്നതാണ് പരാതി. നേരിട്ട് പരാതി ലഭിച്ചതോടെ രാഹുലിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ നീളാന്‍ സാധ്യതയുണ്ട്.

ലൈംഗികാരോപണ വിവാദത്തിലകപ്പെട്ട് പ്രതിച്ഛായ നഷ്ടപ്പെട്ടു നില്‍ക്കവേയാണ് രാഹുലിനെതിരെ പരാതി കൂടി വരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ വരുന്ന പരാതി കോണ്‍ഗ്രസ് നേതൃത്വത്തിനാകെയും രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കും. പരാതി കൂടി വന്നതോടെ പോലീസ് ഏത് നിമിഷവും രാഹുലിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. വിവാദം ഉണ്ടായപ്പോള്‍ തന്നെ രാഹുലിനെ സസ്പെന്‍ഡ് ചെയ്തതാണെന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. അപ്പോഴും സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിലും എംഎല്‍എ എന്ന നിലയിലും അടുത്തിടെയായി രാഹുല്‍ വീണ്ടും സജീവമായിരുന്നു.

Scroll to Top