എസ്‌ഐആര്‍ സമയപരിധി നീട്ടി; എന്യൂമറേഷന്‍ ഫോം തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം.

ന്യഡല്‍ഹി: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായ എന്യൂമറേഷന്‍ വിവരശേഖരണത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പരാതികളെല്ലാം പരിഗണിച്ചു കൊണ്ട് എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പിക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടിനല്‍കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തില്‍ ഡിസംബര്‍ നാലിനകം എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ച് സമര്‍പിക്കണമെന്നായിരുന്നു നേരത്തെ നല്‍കിയ നിര്‍ദേശം. എന്നാല്‍, ഇത് ബിഎല്‍ഒമാര്‍ക്ക് അടക്കം കടുത്ത സമ്മര്‍ദ്ദം ഉണ്ടാക്കുന്നു എന്നടക്കമുള്ള പരാതികള്‍ പരിഗണിച്ചാണ് എന്യൂമറേഷന്‍ ഫോം സമര്‍പിക്കേണ്ട സമയപരിധി ഒരാഴ്ചത്തേക്ക് നീട്ടിയിരിക്കുന്നത്. ഇതനുസരിച്ച് കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെയും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെയും തിയ്യതിയും നീട്ടിയിട്ടുണ്ട്. ഡിസംബര്‍ 11നാണ് എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ സമര്‍പിക്കാനുള്ള അവസാന തിയ്യതി. നേരത്തെ ഇത് ഡിസംബര്‍ നാലായിരുന്നു. ഡിസംബര്‍ 9ന് പകരം 16ന് ആയിരിക്കും ഇനി കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമപട്ടിക ഫെബ്രുവരി 14നും പ്രസിദ്ധീകരിക്കും. ഇത് ഫോമുകള്‍ തിരികെ വാങ്ങുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനും ബിഎല്‍ഒമാര്‍ക്ക് ഒരാഴ്ച കൂടി അധികസമയം ലഭിക്കും.

പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം തിരികെ എത്തിയത് 85 ശതമാനത്തോളം മാത്രമാണ്. 15 ശതമാനം ഫോമുകള്‍ ഇനിയും പൂരിപ്പിച്ച് തിരിച്ചെത്തിയിട്ടില്ലെന്നും അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങലും ഡിജിറ്റൈസ് ചെയ്യലും പ്രായോഗികമല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതോടെ അര്‍ഹരായ പലരും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകുമെന്ന ആശങ്കയും ശക്തമായി. നിലവിലെ കണക്കുകള്‍ പ്രകാരം 2002ലെ പട്ടികയില്‍ നിന്ന് പത്തുലക്ഷം പേര്‍ പുറത്താകുമെന്നാണ് ഇന്ന് രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞത്. 2002ലെ പട്ടിക അനുസരിച്ച് മരിച്ചവര്‍ തന്നെ അഞ്ചുലക്ഷം വരും. മരിച്ചവരുടെ പേരും ഇരട്ടവോട്ടുകളും ഒഴിവാക്കുകയാണ് എസ്‌ഐആറിന്റെ ലക്ഷ്യമെന്ന് രത്തന്‍ ഖേല്‍ക്കര്‍ പറയുന്നു. നവംബര്‍ നാലിന് ആരംഭിച്ച എന്യൂമറേഷന്‍ നടപടിയില്‍ 99.5% ഫോമും വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇതില്‍ 85 ശതമാനത്തോളം മാത്രമാണ് തിരികെ എത്തിയത്. ബാക്കിയുള്ളവയും ഉടന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. തിരിച്ചെത്തിയവയില്‍ 75.35 ശതമാനം ഫോമുകളാണ് ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും എസ്‌ഐആറും ഒരുമിച്ച് വന്നത് ഉദ്യോഗസ്ഥര്‍ക്കും സമ്മര്‍ദ്ദമേറ്റിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ എസ്‌ഐആര്‍ നീട്ടിവയ്ക്കണമെന്ന ആവശ്യം രാഷ്ട്രീയപാര്‍ട്ടികളും ഉന്നയിച്ചിരുന്നു. എന്നാല്‍, ഇത് കണക്കിലെടുക്കാന്‍ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിരുന്നില്ല. കേരളത്തില്‍ എസ്‌ഐആര്‍ നപടികള്‍ അതിവേഗം മുന്നോട്ട് പോയതായും സമയത്തിനകം കേരളത്തില്‍ നടപടി പൂര്‍ത്തീകരിക്കാനാകും എന്ന് പറഞ്ഞിരുന്ന കമ്മീഷന്‍ തന്നെയാണ് ഇപ്പോള്‍ സമയപരിധി നീട്ടിനല്‍കിയിരിക്കുന്നത്. ഇത് പരാതികള്‍ കമ്മീഷന്‍ തന്നെ ശരിവയ്ക്കുന്നു എന്നതിന് സമമാണ്.

Scroll to Top