
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള അന്തിമവാദത്തിനിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞ് പ്രതികള്‍. നാടകീയ രംഗങ്ങളാണ് കോടതിമുറിയില്‍ അരങ്ങേറിയത്. വൈകാരികത ഉയര്‍ത്തിക്കാട്ടി ശിക്ഷയില്‍ പരമാവധി ഇളവ് നേടാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തിയത്. പ്രതികള്‍ക്ക് എല്ലാവര്‍ക്കും പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷനും വാദിച്ചു. ഒരു സ്ത്രീയുടെ അന്തസ്സാണ് ഹനിക്കപ്പെട്ടതെന്നും അത് കൂടി പരിഗണിക്കണമെന്നും കോടതിയും വ്യക്തമാക്കി.
രണ്ടാം പ്രതി മാര്‍ട്ടിനും ആറാം പ്രതി പ്രദീപുമാണ് കോടതിയില്‍ പൊട്ടിക്കരഞ്ഞത്. ഭാര്യയും കുട്ടികളുമുള്ള കാര്യം ചൂണ്ടിക്കാട്ടി നിരപരാധികളാണെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. വീട്ടില്‍ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് ഞാനാണ്. ശിക്ഷയില്‍ ഇളവു വേണമെന്ന് ഒന്നാംപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി ആവശ്യപ്പെട്ടു. തെറ്റു ചെയ്തിട്ടില്ല, നിരപരാധിയാണെന്ന് രണ്ടാം പ്രതി മാര്‍ട്ടിനും ഗൂഢാലോചനയില്‍ പങ്കില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ശിക്ഷയില്‍ ഇളവു വേണമെന്നും മൂന്നാം പ്രതി മണികണ്ഠനും ആവശ്യപ്പെട്ടു. കണ്ണൂര്‍ ജയിലിലേക്ക് അയയ്ക്കണമെന്ന് നാലാം പ്രതി വിജീഷ് പറഞ്ഞു.
എല്ലാ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന തെളിഞ്ഞാല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. യഥാര്‍ഥ പ്രതി പള്‍സര്‍ സുനിയാണ്. എന്നാല്‍ മറ്റുള്ളവര്‍ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തര്‍ക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. എന്നാല്‍ എല്ലാ പ്രതികള്‍ക്കും ഒരേപോലെ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
രണ്ടു മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്ക് ഒരേപോലെ ശിക്ഷ നല്‍കണോയെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ഒന്നാം പ്രതിയാണ് പ്രധാനകുറ്റകൃത്യം ചെയ്തതെങ്കിലും മറ്റുള്ളവര്‍ അതിനുവേണ്ടി കൂട്ടായിനിന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഒന്നാം പ്രതിയുടെ അതേ ശിക്ഷ തന്നെ എല്ലാവര്‍ക്കും നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ഉപദ്രവിച്ച് അപകീര്‍ത്തികരമായ വിഡിയോയും ചിത്രങ്ങളും പകര്‍ത്തിയെന്നാണ് കേസ്.



