
പാലക്കാട്: കേരളത്തില്‍ അതിവേഗ റെയില്‍ പദ്ധതി എന്ന പേരില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടിഎസ് പദ്ധതിക്കെതിരെ ഇ.ശ്രീധരന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനമാണ് ആര്‍ആര്‍ടിഎസ് എന്നും ചെറു ദൂരങ്ങള്‍ക്ക് അനുയോജ്യമായ ആര്‍ആര്‍ടിഎസ് അതിവേഗ ദീര്‍ഘദൂര സര്‍വീസിനു ചേര്‍ന്നതല്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. കേരളത്തില്‍ പദ്ധതി പ്രായോഗികമല്ലെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ തെറ്റിദ്ധാരണയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊന്നും മനസ്സിലാക്കാതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും ഇ.ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് വരെ നീളുന്ന ആര്‍ആര്‍ടിഎസ് വേഗ റെയില്‍പാത കഴിഞ്ഞ ദിവസമാണ് കേരളം പ്രഖ്യാപിച്ചത്. ബജറ്റിനു തലേദിവസമാണ് ആര്‍ആര്‍ടിഎസ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. പ്രാരംഭ പ്രവര്‍ത്തനത്തിനു ബജറ്റില്‍ 100 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു.
അതിനു തൊട്ടുതലേദിവസം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ അതിവേഗ റെയില്‍പാതാ നിര്‍ദേശം ഇ.ശ്രീധരനും മുന്നോട്ട് വച്ചിരുന്നു. അതിവേഗ റെയില്‍വേ ലൈന്‍ പദ്ധതിയുമായി താന്‍ മുന്നോട്ടുപോകുമെന്നും ശ്രീധരന്‍ വ്യക്തമാക്കി. പദ്ധതിയുടെ ഡിപിആര്‍ തയാറാക്കാനുള്ള ഓഫിസ് ഫെബ്രുവരി 2ന് പൊന്നാനിയില്‍ തുറക്കുമെന്ന് ശ്രീധരന്‍ അറിയിച്ചു. കേന്ദ്ര നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അതിവേഗ പാതയുടെ ഡിപിആര്‍ പൂര്‍ത്തിയാക്കിയാലും ഭൂമിയേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ആവശ്യമില്ലേ എന്ന ചോദ്യത്തിനു ഡിപിആര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ആരൊക്കെയാണ് ഭരണത്തിലുണ്ടാവുക എന്ന് പറയാനാവില്ലല്ലോ എന്ന മറുചോദ്യമാണ് ശ്രീധരന്‍ ഉന്നയിച്ചത്.
അതേസമയം, ഇ. ശ്രീധരന്‍ നിര്‍ദേശിച്ച അതിവേഗ റെയില്‍ പദ്ധതിക്കു റെയില്‍വേ മന്ത്രാലയത്തില്‍നിന്ന് ഔദ്യോഗിക പ്രതികരണം ലഭിക്കാതിരുന്നതുകൊണ്ടും കേന്ദ്ര നഗരകാര്യമന്ത്രി അനുകൂലിച്ചതുകൊണ്ടുമാണ് പുതിയ ആര്‍ആര്‍ടിഎസ് പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നല്‍കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ‘പ്രപ്പോസല്‍’ തന്നാല്‍ അംഗീകരിക്കാമെന്നു കേന്ദ്ര നഗരകാര്യമന്ത്രി പൊതുയോഗത്തില്‍ പ്രസംഗിച്ചതു വിശ്വാസത്തിലെടുത്തിരിക്കുകയാണെന്നും ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു.



