അട്ടക്കുളങ്ങര വനിത ജയിലില്‍ 2025ലെ ആദ്യ തടവുകാരിയായി ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ. ജയിലില്‍ 1/ 2025 ആണ് ഗ്രീഷ്മയുടെ നമ്പര്‍. ജയിലിലെ 14ാം ബ്‌ളോക്കില്‍ 11-ാം നമ്പര്‍ സെല്ലില്‍ രണ്ട് റിമാന്‍ഡ് പ്രതികള്‍ക്കൊപ്പമാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിരിക്കുന്നത്.
വിചാരണക്കാലത്തും ഗ്രീഷ്മയെ ഇതേ സെല്ലില്‍ തന്നെയായിരുന്നു പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ സഹതടവുകാരുടെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ മാവേലിക്കര വനിതാ സ്പെഷ്യല്‍ ജയിലിലേയ്ക്ക് മാറ്റിയിരുന്നു.
വധശിക്ഷ വിധി കേട്ട ശേഷം ജയിലിലെത്തിയ ഗ്രീഷ്മ സെല്ലിലിരുന്ന് ചിത്രം വരച്ചാണ് സമയം നീക്കുന്നത്. വധശിക്ഷക്ക് ശേഷവും കൂസലില്ലാതെ ചിത്രം വരച്ചിരിക്കുന്ന ഗ്രീഷ്മയെ കണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും അമ്പരപ്പാണ്. അഭിഭാഷകരടക്കം ആരും ഇന്നലെ ഗ്രീഷ്മയെ കാണാനെത്തിയില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
വധശിക്ഷയ്ക്ക് വിധിക്കുന്നവരെ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണമെന്നാണ് ചട്ടമെങ്കിലും അപ്പീല്‍ സാഹചര്യമുള്ളതുകൊണ്ടാണ് പ്രത്യേക സെല്ലിലേക്ക് ഗ്രീഷ്മയെ മാറ്റാത്തത്. കോടതി ശിക്ഷ വിധിച്ചതിനാല്‍ ഇനി ജയിലിലെ ജോലികള്‍ ചെയ്യേണ്ടി വരും. ഭക്ഷണപ്പുരയിലോ പാവയോ കരകൗശല വസ്തുക്കളോ നിര്‍മ്മിക്കുന്നിടത്തോ തയ്യല്‍ യൂണിറ്റിലോ ആയിരിക്കും ജോലി. താത്പര്യം കൂടി ആരാഞ്ഞ ശേഷമായിരിക്കും നിയോഗിക്കുക. തത്ക്കാലം കുറച്ചുദിവസത്തേക്ക് ഗ്രീഷ്മക്ക് ജോലി നല്‍കില്ലെന്നാണ് വിവരം. സാധാരണ തടവുകാര്‍ക്കു ലഭിക്കുന്ന പരിഗണനകള്‍ ജയിലിനുള്ളില്‍ ലഭിക്കുമെങ്കിലും ഇവര്‍ക്കു മറ്റു പ്രതികളേക്കാള്‍ കൂടുതല്‍ നിരീക്ഷണം ഉണ്ടാകും…..
ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഗ്രീഷ്മക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. റിമാന്‍ഡ് തടവുകാരിയായി ഒന്നരവര്‍ഷത്തോളം ഇവിടെ കഴിഞ്ഞതിനാല്‍ പല തടവുകാരെയും ഗ്രീഷ്മയ്ക്കു പരിചയവുമുണ്ടെങ്കിലും അധികം ആരോടും ഗ്രീഷ്മ സംസാരിക്കുന്നില്ല.
മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരന്‍ തമ്പിയുടെ ഭാര്യ ബിനിതയെ 2006 മാര്‍ച്ചില്‍ കൊല്ലം ജില്ലാ സെഷന്‍സ് അതിവേഗ കോടതി ജഡ്ജി ഫ്രാന്‍സിസാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട് മേല്‍ക്കോടതി ജീവപര്യന്തമായി ശിക്ഷകുറച്ചു. വിധുകുമാരന്‍ തമ്പിയെ ബിനിതയും സുഹൃത്ത് രാജുവും ചേര്‍ന്ന് അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാറിന്റെ ഡിക്കിയില്‍കിടത്തി ഊട്ടിയിലെത്തിച്ച് കൊക്കയില്‍ തള്ളുകയായിരുന്നു.ബിനിത ഇപ്പോള്‍ അട്ടക്കുളങ്ങര ജയിലിലാണ്.
2022 ജനുവരി 14നായിരുന്നു റകേസിനാസ്പദമായ സംഭവം. അയല്‍വാസി ശാന്തകുമാരിയെ ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ വിളിച്ചുവരുത്തി ചുറ്റികകൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നു. മൃതദ്ദേഹം തട്ടിന്‍പുറത്ത് ഒളിപ്പിച്ചു. റഫീക്കയുടെ മകന്‍ ഷഫീക്കിനും റഫീക്കയുടെ സുഹൃത്ത് അല്‍ അമീനും കോടതി വധശിക്ഷ വിധിച്ചു. അമ്മയ്ക്കും മകനും വധശിക്ഷ ലഭിക്കുന്ന ആദ്യ കേസെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഗ്രീഷ്മ ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നു കണ്ടെത്തിയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.സമര്‍ത്ഥവും ക്രൂരവുമായി കുറ്റകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നതിനെ നിയമം എതിര്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് 24 വയസ്സുള്ള ഗ്രീഷ്മക്ക് കോടതി വധശിക്ഷ നല്‍കിയത്. വിധി ന്യായത്തില്‍ ക്രൂര കൊലപാതകത്തെ കുറിച്ച് കോടതി അക്കമിട്ടു പറഞ്ഞു.ഗ്രീഷ്മയ്ക്കും ഷാരോണിനും ഒരേ പ്രായമാണെന്നും പ്രായത്തിന്റെ ഇളവ് ഗ്രീഷ്മക്ക് നല്‍കാനാവില്ലെന്നും കോടതി നീരിക്ഷണം.പ്രണയത്തിന്റെ അടിമയായി മാറിയ ഷാരോണിനെ പ്രകോപനമില്ലാതെയാണ് ഗ്രീഷ്മ കൊന്നത്.ഗാഢമായ സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു.കുറ്റം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നില്‍ക്കാനുള്ള ഗ്രീഷ്മയുടെ കൗഷലം വിജയിച്ചില്ല. മുമ്പ് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന ഗ്രീഷ്മയുടെ വാദവും കോടതി തള്ളി.