
കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രേക്ഷകര്‍ക്കൊപ്പം സിനിമാ-മിമിക്രി താരങ്ങള്‍. മരണവിവരമറിഞ്ഞ് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ സഹപ്രവര്‍ത്തകര്‍ ഓടിയെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം എന്നും അദ്ദേഹത്തിന് ആരോഗ്യപരമായി യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും ആശുപത്രിയിലെത്തിയ അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ചലച്ചിത്ര താരങ്ങളായ രമേശ് പിഷാരടി, കൈലാഷ്, സരയു മോഹന്‍, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു എന്നിവര്‍ ആശുപത്രിയില്‍ എത്തി.കെ.എസ്. പ്രസാദ് അടക്കമുള്ള മിമിക്രി താരങ്ങളും മരണവിവരം അറിഞ്ഞെത്തി.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ചോറ്റാനിക്കരയില്‍ ‘പ്രകമ്പനം’സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കര വൃന്ദാവന്‍ റെസിഡെന്‍സിയില്‍ താമസിച്ചുവരുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ലൊക്കേഷനില്‍നിന്ന് നാലാം തീയതി തിരിച്ചെത്താമെന്നു പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് മടങ്ങിയതാണ്.
എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കിടക്കയില്‍ ഉണ്ടായിരുന്നു. കുളിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് കരുതുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണത്തില്‍ സ്ഥിരീകരണമുണ്ടാവുകയുള്ളൂ.



