സര്‍ക്കാര്‍ വാദംപൊളിയുന്നു: വെളിപ്പെടുത്തലിന് പിന്നാലെ ഉപകരണം കിട്ടി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ നിന്ന് മോസിലോ സ്‌കോപ്പ് എന്ന ഉപകരണം കാണാതായതില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. സംഭവത്തില്‍ ഡിഎംഒ അന്വേഷണം നടത്തും.

അതിനിടെ മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ആശുപത്രി സൂപ്രണ്ടിന് ഡോ. ഹാരിസ് ചിറയ്ക്കല്‍ നല്‍കിയ കത്തുകള്‍ പുറത്ത്. ഉപകരണങ്ങളില്ലെന്ന് സൂപ്രണ്ടിനെ അറിയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഡോ. ഹാരിസിനു നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിലെ സര്‍ക്കാര്‍ വാദം പൊളിയുന്നതാണ് ഈ കത്തുകള്‍.

രണ്ടു കത്തുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ലിത്തോക്ലാസ്റ്റിന് അനുബന്ധ ഉപകരണങ്ങള്‍ ഇല്ലെന്ന കാര്യം സൂപ്രണ്ടിനെയോ, പ്രിന്‍സിപ്പലിനെയോ അറിയിച്ചിട്ടില്ലെന്നാണ് മെമ്മോയില്‍ പറഞ്ഞിരുന്നത്. ഈ വര്‍ഷം മാര്‍ച്ച് 10, ജൂണ്‍ ആറ് എന്നീ തീയതികളിലാണ് ഡോ. ഹാരിസ് സൂപ്രണ്ടിന് കത്തുകള്‍ നല്‍കിയത്.

യൂറോളജി വിഭാഗത്തില്‍ സ്ഥാപിച്ചിട്ടുള്ള ലിതോക്ലാസ്റ്റ് എന്ന ഉപകരണത്തിന് അനുബന്ധ സാമഗ്രികള്‍ വേണമെന്നാണ് രണ്ടു കത്തിലെയും ആദ്യവാചകങ്ങള്‍. ഈ സാധനങ്ങള്‍ നല്‍കുന്ന അംഗീകൃത ഏജന്‍സി അറിയിച്ചിട്ടുള്ള വിലയും രണ്ടുകത്തുകളിലും ഡോ. ഹാരിസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഉപകരണങ്ങളില്ലെന്ന് ഡോ. ഹാരിസ് വെളിപ്പെടുത്തിയ ജൂണ്‍ 27-നുശേഷം അടിയന്തരമായി ലിതോക്ലാസ്റ്റ് പ്രോബ് എന്ന ഉപകരണം വാങ്ങിയതിനുള്ള രേഖകളും പുറത്തുവന്നു. ഉപകരണം നല്‍കിയ ഏജന്‍സി മെഡിക്കല്‍ കോളേജിന് നല്‍കിയിട്ടുള്ള ഇന്‍വോയിസ് വിവരങ്ങളാണ് പുറത്തുവന്നത്

 

 

 

Scroll to Top