
ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ഷിബു സോറന് (81) അന്തരിച്ചു. ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് ഷിബുസോറനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാർത്ത അറിയിച്ചത്.
ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ് നിലവിൽ അദ്ദേഹം. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതമായിരുന്നു ഷിബു സോറന്റേത്. എട്ടു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ രാജ്യസഭ എംപിയായി. മൻമോഹൻ സിങ് മന്ത്രിസഭയിലും അംഗമായിരുന്നു.
ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിൽ 1944ലാണ് സന്താൽ സമുദായത്തിൽപ്പെട്ട ഷിബു സോറൻ ജനിച്ചത്. ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാവ് എ.കെ. റോയിയുമായും കുർമി മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോയുമായും ചേർന്ന് 1972ലാണ് ജാർഖണ്ഡ് മുക്തി മോർച്ച രൂപീകരിച്ചു. 1980ൽ ദുംകയിൽ നിന്നാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2019ൽ ബിജെപിയുടെ നളിൻ സോറനോട് 45,000 ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു. ഭാര്യ:രൂപി സോറൻ. മറ്റു മക്കൾ: ദുർഗ സോറൻ, ബസന്ത് സോറൻ, അഞ്ജലി സോറൻ.



