
കർണാടകത്തിലെ ധർമസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങളുടെ വെളിപ്പെടുത്തലും പരിശോധനകളും പുരോഗമിക്കുന്നതിനിടെ, സമാനമായ വാർത്തകളാണ് ഇപ്പോൾ ആലപ്പുഴയിൽനിന്നും വരുന്നത്. കാണാതായ നാല് സ്ത്രീകളിൽ മൂന്നുപേരുടെ തിരോധാനം വിരൽചൂണ്ടുന്നത് സെബാസ്റ്റ്യൻഎന്നയാളിലേയ്ക്കാണ്. 2006ൽ ബിന്ദു പത്മനാഭൻ, 2012ൽ ഐഷ 2020 ൽ സിന്ധു 2024ൽ ജെയ്നമ്മ ഇവർ എവിടെയാണെന്നുള്ളതിന് ഉത്തരം കണ്ടെത്താനാകാതെ കുഴങ്ങുകയാണ് പോലീസ്. സെബാസ്റ്റ്യന്റെ നിസ്സഹകരണമാണ് നേരിടുന്ന വെല്ലുവിളി.
സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടുവളപ്പിൽനിന്നും വീട്ടുപറമ്പിലെ കുളങ്ങളിൽനിന്നും തെളിവുകളും അറുപതിലേറെ അസ്ഥിഭാഗങ്ങളും ലഭിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ജെയ്നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് സെബാസ്റ്റ്യൻ അന്വേഷണ സംഘത്തോട് സമ്മതിച്ചിരിക്കുന്നതെങ്കിലും മറ്റു ചില കേസുകളിലേയ്ക്കുകൂടി വെളിച്ചംവീശുന്നതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന തെളിവുകളെന്നാണ് സൂചന.
ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മ എന്നിവരെ സെബാസ്റ്റ്യൻ കൊലപ്പെടുത്തി എന്ന സംശയം ബലപ്പെടുകയാണ്. തെളിവുകൾ ബാക്കിവെക്കാതെ അതിവിദഗ്ധമായി സ്ത്രീകളെ കൊലപ്പെടുത്തുകയും സ്വത്ത് തട്ടിയെടുക്കുകയുമായിരുന്നു സെബാസ്റ്റ്യൻ എന്നാണ് കരുതുന്നത്. കൂടുതൽ സ്ത്രീകൾ ഇയാളുടെ ഇരകളായിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
2024 ഡിസംബറിൽ കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മയ്ക്കായുള്ള അന്വേഷണമാണ് സെബാസ്റ്റ്യനിൽ എത്തിയത്. സെബാസ്റ്റ്യനും ജെയ്നമ്മയും തമ്മിലുള്ള ഫോൺ കോൾ രേഖകൾ ലഭിച്ച ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തു. അതല്ലാതെയും 23 വർഷങ്ങൾക്ക്മുൻപ് കാണാതായ ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പത്മനാഭൻറെ തിരോധാനവുമായി ബന്ധപ്പെട്ട് ഇയാൾ സംശയ നിഴലാലായിരുന്നു. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയപ്പോഴാണ്
ജയ്നമ്മ കൊല്ലപ്പെട്ടതായുള്ള സൂചനകൾ പോലീസിന് ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് മറ്റു തിരോധാനക്കേസുകളും അന്വേഷണസംഘം ചികഞ്ഞുതുടങ്ങിയത്.
അതേസമയം സെബാസ്റ്റ്യന്റെ ഉറ്റസുഹൃത്തായിരുന്ന ഓട്ടോ ഡ്രൈവർ മനോജിന്റെ മരണത്തിലും ദുരൂഹതയുണ്ട്. 2006ൽ കാണാതായ ബിന്ദുപത്മനാഭന്റെ കേസിൽ അന്വേഷണം നിലച്ചത് സെബാസ്റ്റ്യന്റെ കൂട്ടുകാരൻ ഓട്ടോ ഡ്രൈവർ മനോജിന്റെ മരണത്തോടെയാണ്. 2018 ജൂൺ 27ന് മനോജ് ഉൾപ്പടെ നാലുപേരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. പിറ്റേന്ന് രാവിലെ ഇയാളെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഈ മരണത്തിലും സെബാസ്റ്റ്യന്റെ പങ്ക് പരിശോധിക്കുന്നുണ്ട്.
കുടുംബവുമായി അധികം അടുപ്പം പുലർത്താത്ത സമ്പന്നരായ സ്ത്രീകളെ വശീകരിച്ച് ചൂഷണംചെയ്യുന്നതാണ് ഇയാളുടെ രീതി . ബിന്ദുവിന്റെ സ്വത്ത് വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണ്. ഐഷയെ സെബാസ്റ്റ്യന് പരിചയപ്പെടുത്തിയത് ഇയാളുടെ വിശ്വസ്തയായിരുന്ന ചേർത്തല സ്വദേശി റോസമ്മയാണ്. 2012ൽ കാണാതായ ഐഷയെ സ്ഥലമിടപാടിനായാണ് സെബാറ്റ്യനെ ബന്ധപ്പെടുത്തിയതെന്നാണ് വിവരം. ഐഷയും റോസമ്മയും അയൽവാസികളാണ്. ഒറ്റയ്ക്ക് താമസിക്കുന്ന റോസമ്മയുടെ വീട്ടിൽ 2018 മേയ് വരെ നിത്യസന്ദർശകനായിരുന്നു സെബാസ്റ്റ്യൻ. എന്നാൽ തന്നെയും സെബാസ്റ്റ്യൻ കുരുക്കാൻ ശ്രമിച്ചുവെന്നാണ് റോസമ്മ പറയുന്നത്. തന്റെ സ്വത്ത് ലക്ഷ്യമിട്ടാണ് വസ്തുവില്‍പ്പനയുടെ കാര്യംപറഞ്ഞ് ഇയാള്‍ അടുത്തുകൂടി വിവാഹാലോചന നടത്തിയെന്നും ബന്ധുക്കളെ വിവരം അറിയിക്കുമെന്നു പറഞ്ഞശേഷം ഇയാള്‍ പിന്നീടെത്തിയിട്ടില്ലെന്നുമാണ് റോസമ്മ പറയുന്നത്. സെബാസ്റ്റ്യനോടൊപ്പം റോസമ്മയും നിരീക്ഷണത്തിലാണ്.
നാട്ടുകാരുടെ മുന്നിൽ മാന്യനായിരുന്ന നല്ലവനായ അമ്മാവനെന്ന സെബാസ്റ്റ്യന്റെ മുഖം മൂടി പെട്ടെന്നൊരു ദിവസം അഴിഞ്ഞു വീണതല്ല. വസ്തു ഇടപാടുകളിലൂടെ സമ്പന്നനായ സെബാസ്റ്റ്യന്‍ ഒറ്റപ്പെട്ട പ്രദേശത്തുള്ള രണ്ടരയേക്കറില്‍ സ്ഥിതിചെയ്യുന്ന വീട്ടിലായിരുന്നു താമസം. 2017-ല്‍ ബിന്ദു പത്മനാഭനെ കാണാനില്ല എന്ന പരാതി വരുന്നത് വരെ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ഇയാള്‍. പിന്നീടാണ് വസ്തു ഇടപാടുകളില്‍ സെബാസ്റ്റ്യന്‍ നിരവധി പേരെ കബളിപ്പിച്ചതായി പരാതികള്‍ വരുന്നത്. ഇയാൾക്ക് വർഷങ്ങൾക്കു മുൻപേ പോലീസ് സഹായം ലഭിച്ചിരുന്നുവെന്ന് വായപകമായ പരാതികൾ ഉയരുന്നുണ്ട്.
ബിന്ദുപത്മനാഭൻ തിരോധാനം അന്വേഷണത്തിൽ അടിമുടി അട്ടിമറി നടന്നെന്നാണു പരാതി. ഇതു സംബന്ധിച്ചും അന്വേഷണമാവശ്യപ്പെട്ട് കർമസമിതി മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികൾക്കും നിവേദനം നൽകിയിട്ടുണ്ട്. ബിന്ദുപത്മനാഭൻ കേസിൽ പിടിയിലായ സെബാസ്റ്റ്യനെ നിഷ്‌കളങ്കനാക്കിയായിരുന്നു പോലീസ് നടപടികൾ. ഇതിനു പിന്നിൽ അന്വേഷണത്തിനു ചുക്കാൻ പിടിച്ചിരുന്നവരും ജില്ലയിലെ ഉന്നത പോലീസ് അധികാരികളുമായിരുന്നെന്നാണ് കർമസമിതിയുടെ ആരോപണം.
ചേർത്തല സ്വദേശി ഐഷയെ കാണാതായ കാണാതായതിലും സെബാസ്റ്റ്യന്റെ ഉറ്റ സുഹൃത്തായിരുന്ന മനോജിന്റെ മരണത്തിലും പോലീസ് ഗൗരവമായ നടപടികളെടുത്തില്ലെന്നും പരാതിയുണ്ട്. കർമസമിതി നൽകിയ പരാതികൾ ശരിയെന്നു തെളിയിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. വിരമിച്ച ഉദ്യോഗസ്ഥരും ഇതു രഹസ്യമായി സമ്മതിക്കുന്നുണ്ടെന്ന് കർമസമിതി ചെയർമാൻ കെ.ആർ. രൂപേഷ് പറയുന്നു.
2018-19 കാലത്ത് ബിന്ദുപത്മനാഭൻ കേസിനൊപ്പം ഐഷാ തിരോധാനവും അന്വേഷിച്ചിരുന്നെങ്കിൽ സെബാസ്റ്റ്യൻ കുടുങ്ങുമായിരുന്നെന്നും ജെയ്‌നമ്മ സംഭവം ഉണ്ടാകില്ലായിരുന്നെന്നുമാണ് വിമർശനം.ഇടപ്പള്ളിയിൽ ബന്ദുപത്മനാഭന്റെ പേരിലുണ്ടായിരുന്ന ഭൂമിതട്ടിച്ച് ആൾമാറാട്ടത്തിലൂടെ ഇയാൾ കോടികളുണ്ടാക്കിയിരുന്നു. ചേർത്തല സ്വദേശിനിയെ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇതു കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല. വിവാദ ഭൂമിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയതുമില്ല. ഇതെല്ലാം ഉൾപ്പെടുത്തി സമഗ്രാന്വേഷണം വേണമെന്നാണ് കർമസമിതിയുടെ ആവശ്യം



