ചൈനയ്ക്കാകാമോ? തിരിച്ചും തീരുവചുമത്തി US-നെ നേരിടണമെന്ന് ശശി തരൂർ എംപി

ഇന്ത്യക്ക് 25 ശതമാനം അധികതീരുവ പ്രഖ്യാപിച്ച യുഎസിനെതിരേ ശക്തമായി തിരിച്ചടിക്കണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സമാനമായി തിരിച്ചും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തിയും ബദല്‍ വിപണികള്‍ കണ്ടെത്തിയും ട്രംപിന്റെ താരിഫ് ആക്രമണത്തെ നേരിടണമെന്ന് തരൂര്‍ മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

50 ശതമാനം പകരച്ചുങ്കം ഏര്‍പ്പെടുത്തിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ബുധനാഴ്ച ഒപ്പുവച്ചതിനു പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. പകരച്ചുങ്കം വ്യാഴാഴ്ചയും അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തില്‍വരും.

ഇത് വലിയ അനീതിയാണ്. റഷ്യന്‍ എണ്ണയും വാതകവും വാങ്ങുന്നതിനാലാണെന്നാണ് ആരോപണം. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് തുറന്ന വിപണിയിലാണ് ഇത് ചെയ്യുന്നത്. അതേസമയം, റഷ്യയുമായി വളരെ വലിയ ഊര്‍ജ വ്യാപാരം നിലനിര്‍ത്തുന്ന ചൈനയ്ക്കോ യൂറോപ്യന്‍ യൂണിയനോ ട്രംപ് സമാനമായ ശിക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

യുഎസ് തന്നെ റഷ്യയില്‍നിന്ന് അവരുടെ വ്യവസായങ്ങള്‍ക്കായി വാങ്ങുന്നുണ്ടെന്നും തരൂർ ചൂണ്ടിക്കാട്ടി.

Scroll to Top