
ഗാസ നഗരത്തെ ഏറ്റെടുക്കാൻ ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തി മാസങ്ങൾ പിന്നിടുമ്പോഴാണ് തീരുമാനം. യുദ്ധത്തിൽ പതിനായിരക്കണക്കിന് പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. കനത്ത പട്ടിണിയിലാണ് ഗാസ.
ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഹമാസിനെ എതിർക്കുന്ന സൗഹൃദ അറബ് സൈന്യത്തിന് കൈമാറാനാണ് പദ്ധതി. എന്നാൽ ഗാസയുടെ നിയന്ത്രണം പൂർണമായി കയ്യടക്കുന്നതിനോട് സൈന്യത്തിൽ വിയോജിപ്പുണ്ട്. ഈ നീക്കം ഹമാസിന്റെ കൈവശമുള്ള ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും ആശങ്കയുണ്ട്. ബന്ദികളുടെ കുടുംബങ്ങളും ഈ നീക്കത്തെ എതിർക്കുന്നു.
അതേസമയം, ഗാസ പിടിച്ചെടുക്കാനുള്ള ഒരുക്കവുമായി നെതന്യാഹു സർക്കാർ മുന്നോട്ടുപോകവേ, സൈനികനടപടി തുടരുന്നതിനെ എതിർത്ത് ഇസ്രയേലിൽ അഭിപ്രായവോട്ടെടുപ്പുകൾ തുടങ്ങി. ഉടൻ വെടിനിർത്തൽ കരാറുണ്ടാക്കി ബന്ദികളെ മോചിപ്പിക്കണമെന്നു വോട്ടെടുപ്പിൽ ആവശ്യമുയർന്നു. ഗാസയിൽ 24 മണിക്കൂറിനിടെ 5 പേർ കൂടി പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം193 ആയി. ഇതിൽ 96 പേർ കുട്ടികളാണ്.



