ബിജെപി അധികാരത്തിലുള്ളപ്പോൾ ക്രിസ്ത്യാനികളോട് ക്ഷമിക്കില്ല, ഒഡീഷയിലും മതപരിവർത്തനം ആരോപിച്ച് വൈദികർക്ക് നേരെ ബജ്റംഗ്ദൾ ആക്രമണം

ഒഡീഷയിലും കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ബജ്റം​ഗ് ദൾ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. മതപരിവർത്തനം ആരോപിച്ചാണ് 70 തോളം വരുന്ന ബജ്റം​ഗ് ദൾ പ്രവർത്തകർ ക്രിസ്ത്യൻ മതപുരോഹിതരടങ്ങുന്ന 5 അം​ഗ സംഘത്തെ ആക്രമിച്ചത്. ഒഡീഷയിലെ ബാലസോർ ജില്ലയിലെ ജലേശ്വർ ഇടവകയ്ക്ക് കീഴിലുള്ള ഗംഗാധർ ഗ്രാമത്തിന് സമീപം ഓഗസ്റ്റ് 6 നാണ് സംഭവം നടന്നത്. ഒരു കാറ്റകിസ്റ്റും 2 വൈദികരും 2 കന്യാസ്ത്രീകളുമടങ്ങുന്നതായിരുന്നു 5 അം​ഗ സംഘം.

ഇടവകയിലെ കുടുംബക്കാരുടെ വീട്ടിൽ ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ കുർബാന നടത്താനെത്തിയതായിരുന്നു ഇടവക വികാരികളായ ഫാദർ ലിജോ നിരപ്പേൽ, ഫാദർ ജോജോ എന്നിവരടങ്ങുന്ന സംഘം. വൈകിട്ട് 6 മണിയോടെയാണ് പ്രാർത്ഥന ആരംഭിച്ചത്. പ്രാർത്ഥനയ്ക്ക് ശേഷം എല്ലാവരും ഒരുമിച്ച് ഭക്ഷണവും കഴിച്ച് രാത്രി 9 മണിയോടെയാണ് സംഘം മടങ്ങിയത്.

തിരികെപോകുന്ന ​വഴിയിലാണ് 70 തോളം വരുന്ന ജനക്കൂട്ടം സംഘത്തെ ആക്രമിച്ചത്. അക്രമികൾ വൈദികർ നിർബന്ധിത പരിവർത്തനം നടത്തുകയാണ് ആരോപിക്കുകയും ഇവരുടെ മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തു. മാത്രമല്ല ഇതിൽ ചിലർ ബിജെഡി യു​ഗം അവസാനിച്ചെന്നും ബിജെപി അധികാരത്തിലുള്ളപ്പോൾ ക്രിസ്ത്യാനികളോട് ക്ഷമിക്കില്ലെന്നും ആക്രോശിച്ചതായും ഫാദർ ലിജോ ഓർക്കുന്നു.

ആദ്യം കാറ്റകിസ്റ്റിനെയാണ് സംഘം ആക്രമിച്ചത്, ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ തടഞ്ഞു നിറുത്തി ക്രൂരമായി മർദ്ദിക്കുകയും വാഹനം തകർക്കുകയും ഇന്ധനം കാലിയാക്കുകയും ചെയ്തു. തുടർന്നാണ് വൈദികരും കന്യാസ്ത്രീകളും സഞ്ചരിച്ച കാ‍ർ വളയുകയും അവരെ പുറത്തിറക്കി വർ​ഗീയ മുദ്രാവാക്യങ്ങളും അസഭ്യവർഷം നടത്തുകയും ചെയ്തത്.

ഇടവകയിലെ സമാധാനപരമായ ഒരു പ്രാർത്ഥനാ സന്ദർശനത്തെ മതപരിവർത്തനം നടത്തിയെന്ന് അടിസ്ഥാനരഹിതമായി ആരോപിക്കുകയും തുടർന്ന് ആക്രമിക്കുകയും ചെയ്തതിന്റെ ഞെട്ടലിലാണ് ഈ പ്രദേശത്തെ ക്രൈസ്തവ വിശ്വാസികൾ. വൈദികരും കന്യാസ്ത്രീകളും ക്ഷണിക്കപ്പെട്ട അതിഥികളാണെന്നും മതപരിവർത്തന പരിപാടി അല്ല, പ്രാർത്ഥന ശുശ്രൂഷയാണ് നടത്തിയതെന്നും ഇടവകയിലെ സ്ത്രീകൾ ഉൾപ്പെടെയുെള്ളവർ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും ആക്രമികൾ ഇതൊന്നും ചെവിക്കൊണ്ടില്ല. അവർ ആക്രമണം തുടർന്നെന്നാണ് ഫാദ‌‌ർ ലിജോ പറയുന്നത്. മുൻപ് ബാലസോർ സോഷ്യൽ സർവീസ് സൊസൈറ്റിയെ നയിക്കുകയും ഇപ്പോൾ ജലേശ്വർ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയും ചെയ്യുകയാണ് ഫാദർ ലിജോ. അതു കൊണ്ടുതന്നെ ഇടവകയിലെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്.

ഇതൊരു ആസൂത്രിത ആക്രമണമായിരുന്നുവെന്നത് വ്യക്തമായിരുന്നുവെന്നാണ് ഫാദർ പറയുന്നത്. ഇതിന് കാരണം ആക്രമണത്തിന്റെ ദൃശ്യങ്ങൾ ക്യാമറസംഘം ഷൂട്ടു ചെയ്യുന്നുണ്ടായിരുന്നുവെന്നതാണ്. ക്യാമറ അടക്കം തയ്യാറാക്കി വെച്ചശേഷമാണ് തങ്ങളെ ആക്രമിച്ചതെന്നാണ് ഫാദർ സംഭവത്തെ ഭയപ്പാടോടെ ഓർത്ത് പറയുന്നത്.

സംഭവം നടന്ന് ഏകദേശം 45 മിനിറ്റിനു ശേഷമാണ് പോലീസ് അവിടെ എത്തിയത്. അവരുടെ സാന്നിധ്യത്തിൽ പോലും ജനക്കൂട്ടം ആക്രമണം തുടർന്നെന്നും അദ്ദേഹം പറയുന്നു. ഒടുവിൽ പോലീസ് വൈദിക സംഘത്തെ സുരക്ഷിതസ്ഥാനത്തേക്ക് കൊണ്ടുപോയെങ്കിലും തട്ടിയെടുത്ത മൊബൈൽ ഫോണുകൾ പോലും വീണ്ടെടുക്കാൻ കഴിഞ്ഞില്ല.ഒരു പ്രാർത്ഥന ചടങ്ങ് നടത്തിയതിന് ഇത്രയും ശത്രുത നേരിടേണ്ടി വരുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലയെന്നാണ് ഫാദർ ജോജോയും പറയുന്നത്. ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
ആക്രമികൾക്കെതിരെ ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല, തുടർ നടപടികൾ സ്വീകരിക്കാൻ ബാലസോർ ബിഷപ്പ് റവ. വർഗീസ് തോട്ടംകരയുടെ വരവിനായി കാത്തിരിക്കുകയാണ് ഫാദർ ലിജോയും സംഘവും.

ഇന്ത്യയിലുടനീളം ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ചുള്ള വർദ്ധിച്ചു വരുന്ന ആക്രമങ്ങളുടെ പട്ടികയിൽ ഏറ്റവും പുതിയതാണ് ഈ സംഭവം എന്ന് ചേർത്ത് വായിക്കാം. വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയ്ക്കെതിരെ അടിയന്തര പോലീസ് നടപടിയും ശക്തമായ നിലപാടുവും സ്വീകരിക്കണമെന്നാണ് സഭാ നേതാക്കൾ ആവശ്യപ്പെടുന്നത്. നീതി നിഷേധിക്കപ്പെടുകയില്ലെന്നാണ് ഇവരുടെ പ്രതീക്ഷ.

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കുണ്ടായ ദുരനുഭത്തിന്റെ ചൂടാറും മുൻപാണ് ഒഡീഷയിലെ ഈ പുതിയ സംഭവം നടന്നിരിക്കുന്നത്. രണ്ടാഴ്ച മുൻപായിരുന്നു ഛത്തീസ്ഗഡിലെ ദുർഗിൽ മതപരിവർത്തനക്കുറ്റവും മനുഷ്യക്കടത്തും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്.

ഛത്തീസ്ഗഡിൽ ദുർഗ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് പോകാൻ എത്തിയ കണ്ണൂർ അങ്കമാലി സ്വദേശികളും ഗ്രീൻ ഗാർഡൻ സിസ്റ്റേഴ്സ് സന്യാസിനി സഭാംഗങ്ങളുമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയും ഒരു ആദിവാസി പെൺകുട്ടി ഉൾപ്പെടെ നാല് പെൺകുട്ടികളെയും ആണ് ടിടിഇ തടഞ്ഞത്.

കന്യാസ്ത്രീകൾക്കൊപ്പം ജോലിക്ക് പോവുകയാണെന്ന് പറഞ്ഞെങ്കിലും ബജ് രം​ഗ്ദൾ പ്രവർത്തകരെ അറിയിച്ചു. ആൾക്കൂട്ട വിചാരണക്കൊടുവിൽ കന്യാസ്ത്രീകൾ പെൺകുട്ടികളെ മതപരിവർത്തനത്തിന് കൊണ്ടുപോവുകയാണെന്നായിരുന്നു ആരോപണം. തങ്ങൾ ക്രൈസ്തവരാണെന്നും പ്രായപൂർത്തിയായ തങ്ങൾക്ക് ജോലി പോകാൻ മാതാപിതാക്കളുടെ സമ്മതപത്രം ഉണ്ടെന്നും യുവതികൾ പറഞ്ഞെങ്കിലും ബജ് രം​ഗ്ദൾ നിർദ്ദേശം അനുസരിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും യുവതികളെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഒരാഴ്ച കന്യാസ്ത്രീകൾ ജയിലിൽ കഴിഞ്ഞശേഷമാണ് ജാമ്യം ലഭിച്ചത്.

കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ രാജ്യവ്യാപകമായി വ്യാപകമായി വൻ പ്രതിഷേധമാണ് നടന്നത്. അതിനു പിന്നാലെയാണ് വീണ്ടും ക്രൈസ്തവ വിശ്വാസികളെ ഭയപ്പാടിലാക്കി വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.

Scroll to Top