
വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വലിയ ഒരു ആരോപണം രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധി ഉന്നയിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടു. ഇക്കാര്യത്തില്‍ വലിയ പ്രതിസന്ധിയിലായത് രാജ്യം ഭരിക്കുന്ന ബിജെപിയും. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് രംഗത്തെത്തുന്ന ബിജെപി രാഹുലിന്റെ ആരോപണം തള്ളിക്കളയുന്ന കാഴ്ചയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കണ്ടത്. അതോടൊപ്പം, വിഷയത്തെ മറ്റൊരു തലത്തില്‍ വഴി തിരിച്ചു വിടാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തിലും വോട്ട് ക്രമക്കേടുണ്ടെന്ന് വരുത്തിത്തീര്‍ത്ത് രാഹുലിന്റെ ആരോപണത്തെ പ്രതിരോധിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും രണ്ടു തരത്തിലുള്ള നയവും നിലപാടുമാണ് ബിജെപി ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകും.
തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ബിജെപി കണ്ടെത്തല്‍. രാഹുലിന്റെ ആരോപണം ദേശീയ തലത്തില്‍ തന്നെ തങ്ങളെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കുമെന്ന് ബിജെപിക്ക് നന്നായിട്ടറിയാം. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പ്രതിരോധത്തിനപ്പുറം ഇതേ ആരോപണം തിരിച്ചുന്നയിച്ച് ആക്രമിക്കാനാകും ബിജെപി ശ്രമിക്കുക. എന്നാല്‍, വോട്ട് കൊള്ളയില്‍ ബിജെപി സ്വീകരിക്കുന്നത് ഇരട്ടനയം ആണെന്ന് ബിജെപിയുടെ നിലപാട് ശ്രദ്ധിക്കുന്ന ആര്‍ക്കും മനസ്സിലാകും. കര്‍ണാടകയിലെ ഒരു നിയമസഭാ മണ്ഡലത്തിലെ മാത്രം വോട്ട് കൊള്ളയെ കുറിച്ചുള്ള രാഹുലിന്റെ ആരോപണം ഇത്രമാത്രം സമ്മര്ദ്ദത്തിലാക്കിയിട്ടുണ്ടെങ്കില് മറ്റു വിശദാംശങ്ങള്‍ കൂടി പുറത്തുവരുന്നതോടെ എത്രമാത്രം ബിജെപിയെ അത് പ്രതിരോധത്തിലാക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
കേരളത്തില്‍ പോലും വലിയ രീതിയില്‍ വോട്ട് ചേര്ക്കലുകള് ബിജെപി നടത്തിയെന്ന വിവരങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നേരത്തെ പുറത്തുവിട്ടിരുന്നതാണ്. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള കൂടുതല്‍ വിശദാംശങ്ങള്‍ തൊട്ടുപിന്നാലെ വീണ്ടും കോണ്‍ഗ്രസ് നേതൃത്വവും അതോടൊപ്പം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി.എസ് സുനില്‍കുമാറും അടക്കമുള്ളവര്‍ പുറത്തുവിട്ടു. തൃശ്ശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ ബന്ധുക്കളെ അടക്കം താമസിപ്പിച്ച് വോട്ട് ചേര്‍ത്തെന്ന ആരോപണത്തിനു പിന്നാലെ പൂങ്കുന്നത്തെ ഒരു ഫ്ളാറ്റ് നമ്പറിന്റെ വിലാസത്തില്‍ ഒന്‍പത് കള്ളവോട്ടുകള്‍ ചേര്‍ത്തെന്ന ഗുരുതര ആരോപണം ഉയര്‍ന്നു. ആരോപണം ഉന്നയിച്ചതാകട്ടെ ഈ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന വീട്ടമ്മയും. ഇവരുടെതടക്കം പത്ത് വോട്ടുകളാണ് ഈ വിലാസത്തിലുള്ളത്. എന്നാല്‍, ഒന്‍പത് പേരെയും ഈ വീട്ടമ്മയ്ക്ക് അറിയില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കോണ്‍ഗ്രസ് ഇടപെട്ട് വീട്ടമ്മ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും ഒരു നടപടി പോലും കമ്മീഷന് എടുത്തില്ല എന്നത് അമ്പരപ്പിക്കുന്നുണ്ട്.
എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ തയ്യാറാകാത്ത ബിജെപി നേതൃത്വം ചര്‍ച്ച മറ്റൊരു തലത്തിലേക്ക് വഴി തിരിച്ചു വിടാനാണ് ശ്രമിച്ചത്. തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ മാത്രം രണ്ടേമുക്കാല്‍ ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ ഉണ്ടെന്നാണ് ബിജെപിയുടെ കണ്ടെത്തല്‍. ഈ വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് കര്‍ക്കശമായി തന്നെ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട വോട്ടുകള്‍ നീക്കം ചെയ്ത് വോട്ടര്‍പട്ടിക കുറ്റമറ്റതാക്കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി കമ്മീഷനെ അറിയിച്ചിട്ടുമുണ്ട്.
മൂന്ന് രീതിയില്‍ കള്ളവോട്ട് ചേര്‍ത്തിട്ടുണ്ടെന്നാണ് ബിജെപിയുടെ കണ്ടെത്തല്‍. ഒരേ തിരിച്ചറിയല്‍ കാര്‍ഡില്‍ ഒന്നിലേറെ പേര്‍ക്ക് വോട്ടുള്ളതായും ഒരാള്‍ക്ക് തന്നെ ഒരേ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറില്‍ പല വാര്‍ഡുകളില്‍ വോട്ടുണ്ടെന്നും വ്യത്യസ്ത തിരിച്ചറിയല്‍ രേഖകളിലായി ഒരാള്‍ക്ക് ഒന്നിലധികം വാര്‍ഡുകളില്‍ വോട്ടുള്ളതായും ബിജെപി ആരോപിക്കുന്നുണ്ട്. ഇത്തരത്തില്‍ പലയിടങ്ങളിലായി 2,76,799 ഇരട്ട വോട്ടുണ്ടെന്നാണ് ബി.ജെ.പി കണ്ടെത്തല്‍. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്ന് ബിജെപി അവകാശപ്പെടുന്ന തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ മാത്രം ഏഴായിരത്തില്‍ പരം ഇരട്ട വോട്ടുണ്ടെന്ന ആരോപണത്തിലൂടെ രാജ്യത്തെയാകെ ഞെട്ടിച്ച വോട്ട് കൊള്ളയെ മറച്ചുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍, എത്രയൊക്കെ മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും രാഹുല്‍ഗാന്ധിയുടെ ആരോപണം ഇരട്ടി പ്രഹരത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.
വോട്ട് മോഷണം എന്ന ആരോപണം രാഹുല്‍ ഗാന്ധി ഉന്നയിച്ച് നാലു ദിവസം പിന്നിട്ട് അഞ്ചാം ദിവസം മാത്രമാണ് ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു ഇടപെടലിന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറായത് എന്നത് അതിലേറെ രസകരമായ വസ്തുതയാണ്. ആരോപണത്തില്‍ ചര്‍ച്ചയാകാമെന്ന് പ്രതിപക്ഷത്തെ അറിയിക്കുകയാണ് കമ്മീഷന് ചെയ്തത്. എന്നാല്‍, അതിനു പോലും ഉപാധികള്‍ വയ്ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം അങ്ങേയറ്റം അപഹാസ്യമാണ്. രാഹുലിന്റെ ഒരു ആരോപണത്തിന് പോലും മറുപടി പറയാതിരുന്ന കമ്മീഷന് രാഹുലിന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒരുഭാഗം മാത്രം അടര്‍ത്തിയെടുത്ത് ആരോപണത്തെ വഴി തിരിച്ചു വിടാനാണ് ഇരട്ട വോട്ട് ചെയ്തെന്ന ആരോപണം ഉയര്‍ന്ന ശകുന്‍ റാണി ഇരട്ട വോട്ട് ചെയ്തില്ലെന്ന് പറഞ്ഞ് ദുര്‍ബലമായി അതിനെ പ്രതിരോധിക്കാനായിരുന്നു ശ്രമിച്ചത്. ശകുന്‍ റാണി ഇരട്ട വോട്ട് ചെയ്തെന്നതിന് തെളിവായി രാഹുല്‍ ചൂണ്ടിക്കാട്ടിയ പോളിംഗ് ഓഫീസര്‍ ശരി ചിഹ്നം ഇട്ട വോട്ടര്‍ പട്ടികയില്‍ കടിച്ചു തൂങ്ങുകയായിരുന്നു ഇന്നലെ വരെ കമ്മീഷന് ചെയ്തത്. ഇരട്ട വോട്ട് ചെയ്ത ഒരാള്‍ ഒരിക്കലും അത് സമ്മതിക്കില്ലെന്നിരിക്കെ എന്തിനാണ് കമ്മീഷന് ഇങ്ങനെ സ്വയം പരിഹാസ്യമാകുന്നതെന്നാണ് മനസ്സിലാകാത്തത്. ആരെയാണ് കമ്മീഷന് ഭയക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
വോട്ട് ചോരി ആരോപണം ഉന്നയിച്ച രാഹുല്‍ഗാന്ധിയോട് സത്യവാങ്മൂലം നല്കാന് ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്, പ്രതിസ്ഥാനത്തുള്ള ശകുന്‍ റാണി എന്ന ഇരട്ട വോട്ടറുടെ, ഇരട്ട വോട്ട് ചെയ്തിട്ടില്ലെന്ന മൊഴി ഒരു സത്യവാങ്മൂലത്തിന്റെയും പിന്‍ബലം ഇല്ലാതെ മുഖവിലയ്ക്കെടുത്തതില്‍ നിന്ന് തന്നെ രാഹുലിനെ തള്ളി മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. ശകുന്‍ റാണി അറിയാതെ അവരുടെ പേരില്‍ മറ്റാരെങ്കിലും വോട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന രാഹുലിന്റെ ആവശ്യത്തില്‍ അത്തരമൊരു പരിശോധനയ്ക്ക് പോലും കമ്മീഷന് തയ്യാറായില്ല. ഇതും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇരട്ട നയം വ്യക്തമാക്കുന്നുണ്ട്. നാലുദിവസത്തോളം രാഹുലിന്റെ ആരോപണത്തില്‍ മിണ്ടാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്, അതിനു ശേഷവും ചെയ്തത് രാഹുലില്‍ നിന്ന് തെളിവ് ശേഖരിക്കുകയായിരുന്നില്ല. മറിച്ച് ആരോപണ വിധേയയെ പോയി കണ്ട് ഇരട്ടവോട്ട് ചെയ്തിട്ടില്ലെന്ന മൊഴി വാങ്ങുകയായിരുന്നു. എന്നിട്ടോ സത്യവാങ്മൂലമായി വോട്ട് ചോരി ആരോപണത്തിലെ വിശദാംശങ്ങള്‍ എഴുതി നല്‍കൂ എന്ന് രാഹുല്‍ഗാന്ധിക്ക് ഒരു വാറോലയും. എന്നാല്‍, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്ത് എംപിയായ താന്‍ അതിന് തയ്യാറല്ലെന്ന് പറഞ്ഞ് കമ്മീഷന്റെ വാറോലയെ ധീരമായി നേരിടുകയാണ് രാഹുല്‍ഗാന്ധി ചെയ്തത്.
ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സൗന്ദര്യം തന്നെ സുതാര്യമായ അതിന്റെ തെരഞ്ഞെടുപ്പ് രീതി തന്നെയായിരുന്നു. ആ ജനാധിപത്യ സൗന്ദര്യത്തെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും ആ പാര്‍ട്ടിക്ക് ഓശാന പാടുന്ന തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ലോകത്തിനു മുന്നില്‍ ഇത്രമേല്‍ അപഹാസ്യമാക്കിയിരിക്കുന്നത്. പല്ലും നഖവും ഇല്ലാത്ത കൂട്ടം എന്ന് കുപ്രസിദ്ധി കേട്ട തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്‍പുണ്ടായിരുന്ന തരത്തില്‍ പല്ലും നഖവും ഉള്ള ഉശിരുള്ള ഒരു കൂട്ടമായി വാര്‍ത്തെടുത്തത് 1990-ല്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായ ടി.എന്‍ ശേഷനായിരുന്നു. എന്നാല്‍, അത്തരമൊരു കമ്മീഷനെയാണ് മാനിപ്പുലേറ്റ് ചെയ്ത്, തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്ന തരത്തില്‍ മാറ്റിയെടുത്ത് അധികാരത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി തങ്ങളുടെ ഏജന്റായി മാറ്റിയിരിക്കുന്നത്. ഈ ഹൈജാക്കിംഗ് അധ്യായത്തിലെ ഒരു ചെറിയ ഏട് മാത്രമാണ് ഇന്ന് ഇന്ത്യയെന്ന മഹാരാജ്യം ലോകത്തിനു മുന്നില്‍ തന്നെ തല കുനിച്ചു നില്‍ക്കേണ്ടതായി വന്ന വോട്ട് മോഷണം.



