
വീണ്ടും ഒരു പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് കേരളം സാക്ഷിയാകുകയാണ്. കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി 21കാരിയായ സോനാ എല്‍ദോസാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ആണ്‍സുഹൃത്തായ റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് സോനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെ സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു.
റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചെന്നും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് സോനയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.
വിവാഹംകഴിക്കണമെങ്കില്‍ മതംമാറണമെന്നായിരുന്നു റമീസിന്റെയും കുടുംബത്തിന്റെയും നിര്‍ബന്ധം. ഇതിനിടെ രജിസ്റ്റര്‍വിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍, വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയാണുണ്ടായതെന്നും ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാനാകില്ലെന്നും സോനയുടെ കുറിപ്പില്‍ പറയുന്നുണ്ട്.
റമീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്. സോനയുടെ റമീസുമായുള്ള ബന്ധത്തെക്കുറിച്ച് വീട്ടുകാർക്കെല്ലാം നേരത്തെ അറിയാമായിരുന്നു. കോളജ് കാലത്തു തന്നെ ഇരുവരുംതമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹം ആലോചിച്ചെത്തിയപ്പോൾ തന്നെ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സോന മതം മാറാൻ തയാറുമായിരുന്നു. ഇതിനിടയ്ക്കാണ് സോനയുടെ അച്ഛൻ മരിക്കുന്നത്. അതുകൊണ്ട് ഒരു വര്‍ഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് വീട്ടുകാർ തീരുമാനമെടുത്തു. എന്നാൽ കഴിഞ്ഞ ദിവസം റമീസിനെ ലോഡ്ജിൽ നിന്നും അനാശാസ്യത്തിന് പിടിച്ചതോടെ മതം മാറാമെന്ന തീരുമാനത്തിൽ നിന്നും സോന പിൻമാറി.
എങ്കിലും റമീസിനെ ഇഷ്ടമാണെന്നും ഇനി റജിസ്റ്റര്‍ മാര്യേജ് ചെയ്താല്‍ മതിയെന്നും സോന തന്നയെയായിരുന്നു പറഞ്ഞത്. കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ സോനയെ ആലുവയില്‍ റജിസ്റ്റര്‍ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ചാണ് റമീസ് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് വീട്ടില്‍ക്കൊണ്ടുപോയി പൂട്ടിയിട്ട് മര്‍ദിച്ചു. മതംമാറാന്‍ പൊന്നാനിക്ക് കൊണ്ടുപോകാന്‍ കാര്‍ റെഡി ആക്കിയിട്ടിരിക്കുകയാണ്, മതംമാറിയില്ലെങ്കില്‍ പള്ളിയില്‍നിന്ന് പുറത്താക്കുമെന്നെല്ലാം പറഞ്ഞായിരുന്നു സോനയെ മര്‍ദ്ദിച്ചത്. റമീസും ബന്ധുക്കളും കൂട്ടുകാരും ചേർന്നാണ് സോനയെ ഉപദ്രവിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
പൊന്നാനിയില്‍ ചെന്ന് രണ്ടുമാസം കഴിഞ്ഞേ റജിസ്റ്റര്‍ മാര്യേജ് ഉള്ളൂവെന്നും മതംമാറാതെ പറ്റില്ലെന്നുമായിരുന്നു റമീസിന്റെ നിലപാട്. അതിനിടെ സോനയെ മുറിയിൽ പൂട്ടിയിട്ടപ്പോൾ കൂട്ടുകാരിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. ഇത് മനസിലാക്കിയാണ് വീട്ടില്‍ തിരികെ കൊണ്ടാക്കിയത്. സോനയുടെ ശരീരത്തിലെ മര്‍ദനമേറ്റ പാട് കൂട്ടുകാരി പിറ്റേദിവസം കണ്ടിരുന്നു. സോനയുടെ സംസ്‌കാരചടങ്ങ് കഴിഞ്ഞശേഷം ആ കൂട്ടുകാരി സോനയുടെ സഹോദരൻ ബേസിലിനോട് ഈ കാര്യങ്ങളൊക്കെ പറഞ്ഞപ്പോഴാണ് സംഭവങ്ങളെല്ലാം പുറത്തറിയുന്നത്.
അതേസമയം വിവാഹം രജിസ്റ്റർ ചെയ്യാൻ പോകുകയാണെന്ന് സോന അമ്മ ബിന്ദു എല്‍ദോസിനോട് പറഞ്ഞിരുന്നു. സോന ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് ആത്മഹത്യാ കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. ഇത് കണ്ട്അമ്മ ബിന്ദുവിനെ വിളിച്ച് നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണ് അവള്‍ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നൊക്കെ റമീസിന്റെ അമ്മ ചോദിച്ചതായും സഹോദരൻ ബേസിൽ പറയുന്നു. ജോലിസ്ഥലത്തുനിന്ന് അമ്മ ഓട്ടോയില്‍ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു എന്നാണ് ബേസില്‍ ചൂണ്ടിക്കാട്ടുന്നത്. ആത്മഹത്യക്കുറിപ്പു കൂടി കണ്ടെടുത്തതോടെയാണ് പൊലീസ് റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുത്തത്.



