
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ന്യൂഡല്‍ഹിയിലുടനീളം അതീവ ജാഗ്രതാ നിര്‍ദേശം നല്കി വിവിധ സുരക്ഷാ ഏജന്‍സികള്‍. ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരങ്ങളെത്തുടര്ന്നാണിത്. ഏപ്രിലില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനും മേയ് മാസത്തില്‍ നടന്ന പ്രതികാര നടപടിയായ ഓപ്പറേഷന് സിന്ദൂറിനും ശേഷം നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷമായതിനാല്‍ സുരക്ഷാഭീഷണി കൂടുതലാണെന്നും ശക്തമായ മുന്‍കരുതലെടുക്കണമെന്നും കേന്ദ്ര ഏജന്‍സികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിശദമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തേ നിശ്ചയിച്ച വേദിയും പൊതുജനങ്ങളുടെ വലിയ സാന്നിധ്യവും ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ സുരക്ഷാ ഭീഷണിയുയർത്തുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഇന്ത്യയുടെ ‘ഓപ്പറേഷന് സിന്ദൂര്‍’ പ്രധാന ശ്രദ്ധാകേന്ദ്രമാക്കുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്.
പാകിസ്താന് ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകള്‍, ആഗോള ജിഹാദി ശൃംഖലകള്‍, തീവ്ര ഇസ്ലാമിക വിഭാഗങ്ങള്‍, സിഖ് തീവ്രവാദ ഗ്രൂപ്പുകള്‍, ഇടതുപക്ഷ തീവ്രവാദികള്‍, ചില വടക്കുകിഴക്കന്‍ വിമത സംഘടനകള്‍ എന്നിവയില്‍നിന്ന് ഭീഷണികളുണ്ടെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.



