
വീടില്ലാതെ വാഷിങ്ടണ്‍ ഡിസിയിലെ തെരുവുകളില്‍ കഴിയുന്നവരോട് ഉടന്‍ തന്നെ മാറണമെന്ന് ഉത്തരവിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത്സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. വീടില്ലാത്തവര്‍ക്ക് തലസ്ഥാനനഗരത്തില്‍ നിന്ന് മാറിയൊരു സ്ഥലം താമസത്തിനായി നല്‍കാമെന്നും ട്രംപ് ട്രൂത്ത്സോഷ്യലില്‍ കുറിച്ചു.
ക്രിമിനലുകളോട് പ്രദേശം വിടേണ്ടെന്നും നിങ്ങള്‍ക്കായി ജയില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വാഷിങ്ടണ്‍ ഡിസിയില്‍ യുഎസിലെ ഭരണകാര്യക്ഷമതാ വിഭാഗത്തിലെ മുന്‍ ജീവനക്കാരന്റെ കാര്‍ മോഷ്ടിക്കാന്‍ ശ്രമം നടന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം വരുന്നത്. അതേസമയം ഒഴിപ്പിക്കലിലൂടെ ട്രംപ് എന്താണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ ലോസ് ആഞ്ജലിസിലേതിന് സമാനമായി നൂറ് കണക്കിന് നാഷണല്‍ ഗാര്‍ഡ് സംഘത്തെ വാഷിങ്ടണില്‍ വിന്യസിക്കാനായി ഭരണകൂടം തയ്യാറെടുക്കുകയാണെന്നാണ് സൂചന.
ഫെഡറല്‍ നിയമത്തിന്റെ അധികാര പരിധിയിലേക്ക് വാഷിങ്ടണ്‍ ഡിസിയെ കൊണ്ടുവരുന്നതിന്റെ ഭാഗമാണോ ട്രംപിന്റെ നീക്കമെന്നും ചോദ്യങ്ങളുയരുന്നുണ്ട്. ട്രംപ് തന്നെ മുന്‍പ് വാഷിങ്ടണ്‍ ഡിസിയെ ഫെഡറല്‍ നിയമത്തിന്റെ അധികാരപരിധിയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.



