
ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിന് മുന്നിലോടി വഴിയൊരുക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ കണ്ട ഏതൊരാളുടെയും മനസ്സില്‍ വന്ന ആദ്യത്തെ ചോദ്യം ഇങ്ങനെയും പൊലീസുകാരുണ്ടോ നമ്മുടെ സമൂഹത്തിലെന്നാകും. എന്നാല്‍, അപര്‍ണ ലവകുമാര്‍ എന്ന തൃശൂര്‍ സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ അറിയുന്ന ഏതൊരാള്‍ക്കും അതൊരു അത്ഭുത ദൃശ്യമല്ല. അപര്‍ണയുടെ കഥ കേള്‍ക്കുന്ന ഏതൊരാളും കണ്‍കോണില്‍ ഒരല്‍പം നനവോടെ അല്ലാതെ ആ കഥ കേട്ടിരിക്കില്ല. അത്രമേല്‍ ഹൃദയ സ്പര്‍ശിയാണ് അപര്‍ണയുടെ കഥ. അതില്‍ വിശപ്പുണ്ട്, ദാരിദ്ര്യമുണ്ട്, സമരമുണ്ട്, മനുഷ്യസ്‌നേഹമുണ്ട്. അങ്ങനെ ഒരു ഫിക്ഷനെ വെല്ലുന്ന ജീവിതകഥയാണ് അപര്‍ണ ലവകുമാര്‍ എന്ന പൊലീസുകാരിയുടേത്.
ആംബുലന്‍സിന് മുന്നിലൂടെ അതിവേഗത്തില്‍ ഓടി മുന്നിലെ വാഹനങ്ങളെ വഴിമാറ്റി നിമിഷം കൊണ്ട് കുരുക്കഴിച്ച അപര്‍ണ, ഓടിക്കയറിയത് മനുഷ്യ മനസ്സുകളിലേക്കായിരുന്നു. പൊലീസിനുള്ളിലെ നന്‍മ ഹൃദയത്തിന്റെ വീഡിയോ അനവധിയാളുകളിലേക്ക് ഷെയര്‍ ചെയ്‌തെത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് തൃശ്ശൂര്‍ അശ്വിനി ജംഗ്ഷനിലാണ് അപര്‍ണയുടെ മാനവികത വെളിവാക്കുന്ന സംഭവം നടന്നത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ജൂബിലി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് അശ്വിനി ജംഗ്ഷനിലെത്തിയതോടെ അഴിയാത്ത ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ഈസമയം സ്ഥലത്തുണ്ടായിരുന്ന അപര്‍ണയ്ക്ക് കുരുക്ക് പെട്ടെന്നൊന്നും അഴിയില്ലെന്ന് മനസ്സിലായതോടെ മറ്റൊന്നും ആലോചിക്കാതെ ആംബുലന്‍സിന് മുന്നിലോടി മറ്റു വാഹനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി. വാഹനങ്ങളും വേഗത്തില്‍ സഹകരിച്ചതോടെ കുരുക്ക് നിമിഷങ്ങള്‍ കൊണ്ട് അഴിഞ്ഞു., ആംബുലന്‍സ് മുന്നോട്ട് കുതിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ ഫൈസലിനൊപ്പമുണ്ടായിരുന്ന ഇര്‍ഫാനാണ് ഈ മനോഹര ദൃശ്യം പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്.
ഈ സംഭവമെല്ലാം നടന്നിട്ടും അപര്‍ണ ഇപ്പോഴും സാധാരണ ജീവിതത്തില്‍ തന്നെയാണ്. പരിശീലനം സിദ്ദിച്ച പൊലീസുകാരായ തങ്ങള്‍ക്ക് ഇതെല്ലാം കര്‍ത്തവ്യത്തിന്റെ ഭാഗം മാത്രമാണെന്നാണ് അപര്‍ണയുടെ പക്ഷം. ഒരു ആംബുലന്‍സിന്റെ സൈറണ്‍ കേള്‍ക്കുന്നതോടെ യൂണിഫോമിട്ട ഏതൊരു പൊലീസുകാരനും ചെയ്യുന്നത് മാത്രമേ താനും ചെയ്തിട്ടുള്ളു എന്ന് അപര്‍ണ അപ്പോഴും വിനയാന്വിതയാകുന്നു. അതിനെ കുറിച്ച് അപര്‍ണ പറയുന്നത് കേട്ടുനോക്കൂ. പരിശീലനം കിട്ടിയ പൊലീസല്ലേ ഞങ്ങളൊക്കെ അപ്പോ അതൊക്കെ ചെയ്യും,. അത് ഞങ്ങളുടെ തൊഴിലിന്റെ ഭാഗമാണ്. സാധാരണ പൊതുജനങ്ങളുടെ ധാരണ പൊലീസില്‍ നിന്ന് മനുഷ്യത്വം പ്രതീക്ഷിക്കരുതെന്നല്ലേ, അപ്പോ ഇങ്ങനെയുള്ള പ്രവഹര്‍ത്തികളൊക്കെ കാണുമ്പോ വലിയ വാര്‍ത്താ പ്രാധാന്യം കിട്ടും. അത്രതന്നെ.
അപര്‍ണ ലവകുമാര്‍ എന്ന മനുഷ്യകഥാനുഗായിക മറ്റുള്ളവരുടെ ജീവിതത്തില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വെളിച്ചം നിറച്ച് ഈ ഓട്ടം തുടങ്ങിയിട്ട് കാലമേറെയായി. കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ചു കൊടുക്കുക, നിര്‍ധനയായ സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാന്‍ വള ഊരിക്കൊടുക്കുക, അങ്ങനെയൊക്കെ അപര്‍ണയെന്ന പൊലീസുകാരിയിലെ മനുഷ്യസ്‌നേഹി പലവട്ടം പല മനുഷ്യരുടെ ജീവിതത്തില്‍ വെളിച്ചമായിട്ടുണ്ട്, സ്‌നേഹമായിട്ടുണ്ട്, സാന്ത്വനമായിട്ടുണ്ട്. എന്നെക്കൊണ്ട് ആവുന്ന തരത്തില്‍ മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുന്നു. അതിലും വലിയ സന്തോഷം എന്ത് എന്ന ചോദ്യമാണ് അപര്‍ണ ചോദിക്കുക.

ഒരിക്കല്‍ ഒരു ക്ലാസെടുക്കാന്‍ ഒരു സ്‌കൂളില്‍ ചെന്ന കഥയുണ്ട് അപര്‍ണയ്ക്ക് പറയാന്‍. അവിടെ കാന്‍സര്‍ രോഗിയായ ഒരു കുട്ടിയുണ്ട്. വലിയ വിഷമത്തിലിരിക്കുന്ന ആ കുട്ടിയുടെ കഥ അപര്‍ണയുടെ ഉള്ളുലച്ചു. രോഗത്തിന്റെ പേരില്‍ ഇടയ്ക്കിടെ മുടി മുറിക്കേണ്ടി വരുന്നതിനാല്‍ മുടിയില്ലാതെ അവന് ക്ലാസില്‍ വരാന്‍ മടി. കൃത്രിമ മുടി വച്ച് നോക്കിയെങ്കിലും വിലകുറഞ്ഞ വിഗ്ഗ് പാര്‍ശ്വഫലങ്ങളുണ്ടാക്കി. കഥ കേട്ട് ഉള്ളുലഞ്ഞ അപര്‍ണ നേരെ പോയത് തൃശ്ശൂരിലെ അമല ആശുപത്രിയുടെ കാന്‍സര്‍ വിഭാഗത്തിലേക്കായിരുന്നു. കാന്‍സര്‍ രോഗികള്‍ക്കായി പൊലീസ് മേധാവിയുടെ പ്രത്യേക അനുമതി വാങ്ങി തന്റെ മുടി മുറിച്ചു നല്‍കി അപര്‍ണ. പിന്നെയും പിന്നെയും തന്റെ മുടി മുറിച്ച് അപര്‍ണ പലപ്പോഴായി ദാനം ചെയ്തു.
മുടി മുറിച്ചു നടക്കുന്ന അപര്‍ണ നേരിട്ട ചോദ്യങ്ങള്‍ നിരവധിയാണ്. പലരും അപര്‍ണയ്ക്ക് എന്തെങ്കിലും രോഗമുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. അപ്പോഴും ചിരിച്ചു കൊണ്ട് അപര്‍ണ പറയുന്ന മറുപടി ഞാന്‍ രോഗിയായത് കൊണ്ടല്ല, രോഗികളായ പലര്‍ക്കും വേണ്ടി ദാനമായി കൊടുത്തതാണ് തന്റെ മുട്ി എന്നാണ്. എന്തുകൊണ്ട് മുടി എന്ന് ചോദിച്ചാല്‍ ചിരിച്ചു കൊണ്ട് അപര്‍ണ പറയുന്നത് എന്നെക്കൊണ്ട് ആകുന്നതല്ലേ കൊടുക്കാന്‍ പറ്റൂ എന്നാണ്. അപ്പോഴും സ്വന്തം അവയവം പോലും മുറിച്ച് ദാനം ചെയ്യുന്ന ഡേവിസ് ചിറമേല്‍ അച്ചനെ പോലുള്ളവരുടെ മുന്നില്‍ താന്‍ വെറുമൊരു കീടമല്ലേ എന്നാണ് അപര്‍ണയുടെ ചിന്ത. സാമ്പത്തികമായി സഹായിക്കാന്‍ മാത്രം സമ്പത്ത് ഇല്ല. അപ്പോ പിന്നെ ആര്‍ക്കും ഛേദമില്ലാത്ത ഈയൊരു ഉപകാരം മനുഷ്യര്‍ക്കിരിക്കട്ടെ.
2008 സെപ്തംബറില്‍ നടന്ന മറ്റൊരു സംഭവമാണ് അപര്‍ണയിലെ മനുഷ്യസ്‌നേഹിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. അന്ന് ഭര്‍തൃസഹോദരന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഒരു സ്ത്രീയുടെ മൃതശരീരത്തിന് ബോഡി ബന്തവസ് ഡ്യൂട്ടി അപര്‍ണയ്ക്കായിരുന്നു. മൃതശരീരത്തില്‍ പുതപ്പിക്കാനുള്ള വെള്ളത്തുണി വാങ്ങാന്‍ പോലും മറ്റുള്ളവരുടെ സഹായം തേടുന്ന ആ കുടുംബത്തിന്റെ നൊമ്പരം അപര്‍ണയുടെ ഹൃദയത്തെ കൊളുത്തിവലിച്ചു. അതിനേക്കാള്‍ ദാരുണമായിരുന്നു അടുത്ത് സംഭവിക്കാനിരുന്നത്. ആശുപത്രിയില്‍ അടയ്ക്കാനുള്ള 60,000 രൂപ ബില്ല് കെട്ടിവയ്ക്കാതെ മൃതദേഹം വിട്ടുകൊടുക്കാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ നിലപാടെടുത്തു. മരിച്ച് തലയ്ക്കുമുകളില്‍ നില്‍ക്കുന്ന ആത്മാവിന്റെ മൃതശരീരം വച്ചുള്ള വിലപേശല്‍ കണ്ടുനില്‍ക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല. മറ്റുള്ളവരോട് സഹായിക്കൂ എന്ന് പറയുന്നതിനു പകരം കയ്യില്‍ കിടന്ന സ്വര്‍ണവള ഊരി ആ കുടുംബത്തിന് നല്‍കി. ഏറെ നിര്‍ബന്ധത്തിനൊടുവിലാണ് ആ സഹായം സ്വീകരിക്കാന്‍ പോലും ആ കുടുംബം തയ്യാറായത്.

മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രകാശം നിറയ്ക്കുന്ന അപര്‍ണയുടെ കുട്ടിക്കാലത്തിിന് ഒരു ഇരുണ്ട കാലഘട്ടത്തിന്റെ കഥ പറയാനുണ്ട്. വിശപ്പിന്റെ, പട്ടിണിയുടെ, ഒന്നുമില്ലായ്മയുടെ നൊമ്പരപ്പെടുത്തുന്ന കഥ. ആറാമത്തെ വയസ്സ് മുതല്‍ തൃശ്ശൂരിലെ പൊലീസ് അക്കാദമിക്കു സമീപത്തെ ഒരു അനാഥാലയത്തിലാണ് അപര്‍ണ വളര്‍ന്നത്. അച്ഛനും അമ്മയും ഉണ്ടായിട്ടു പോലും തന്നെ പഠിപ്പിക്കാനുള്ള സാമ്പത്തികം അവര്‍ക്ക് ഇല്ലാതിരുന്നത് കൊണ്ടാണ് അപര്‍ണ അനാഥാലയത്തില്‍ വളര്‍ന്നത്. ഇന്നത്തെ പോലെ വിഭവ സമൃദ്ധമല്ല അന്നത്തെ അനാഥാലയം. ഉള്ള കഞ്ഞിയും പുഴുക്കും കിട്ടാന്‍ പോലും തല്ലുകൂടിയും കരഞ്ഞും ബഹളം വയ്ക്കണം. അന്ന് ഇത്രയും സാമര്‍ത്ഥ്യമില്ലാത്ത കുഞ്ഞ് അപര്‍ണ പലപ്പോഴും പട്ടിണിയായി. അപ്പോഴും ദൈവം അവളെ കൈവിട്ടില്ല. ക്ലാസ് ടീച്ചറായ കൊച്ചുടീച്ചറുടെ രൂപത്തില്‍ ദൈവമെത്തി. അങ്ങനെ അനാഥാലയത്തില്‍ നിന്ന് പിരിയുന്നത് വരെ എല്ലാ ദിവസവും കൊച്ചുടീച്ചറുടെ വക വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടുണ്ട്. അന്നനുഭവിച്ച വിശപ്പാണ് ഇന്നത്തെ മനുഷ്യസ്‌നേഹിയായ അപര്‍ണയെ രൂപപ്പെടുത്തിയതെന്നും പറയാം.
പൊലീസ് ആകുന്നതിന് മുന്‍പ് പൊലീസിനെ ഇഷ്ടമില്ലാതിരുന്ന ഒരു അപര്‍ണയുണ്ട്. അന്ന് പൊലീസിന് നേര്‍ക്ക് ഒത്തിരി കല്ലെറിഞ്ഞിട്ടുണ്ട്. സമരം ചെയ്തിട്ടുണ്ട്. ഇന്ന് അതെല്ലാം ഓര്‍ക്കുമ്പോള്‍ സ്വയം ലജ്ജ തോന്നുന്നു എന്നാണ് അപര്‍ണ പറഞ്ഞത്. പൊലീസായി, അവരുടെ ജോലി മനസ്സിലാക്കിയതോടെയാണ് പൊലീസിലെ നന്‍മ തിരിച്ചറിഞ്ഞതെന്ന് പറയും അപര്‍ണ. ചെറിയ ശമ്പളക്കാരിയായ അപര്‍ണയ്ക്ക് എല്ലാവരെയും സാമ്പത്തികമായി സഹായിക്കാന്‍ സാധിച്ചില്ലെങ്കിലും പൊലീസ് എന്ന ജോലി കൊണ്ട് അതിന് സാധിച്ചിട്ടുണ്ട്. തനിക്ക് മുന്നില്‍ വന്ന നീതിനിഷേധിക്കപ്പെട്ട സാധാരണക്കാര്‍ക്ക് നീതി വാങ്ങി നല്‍കി അവരുടെ ജീവിതത്തില്‍ വെളിച്ചമായിട്ടുണ്ട്. ഇന്ന് അമ്പത് വയസ്സുള്ള അപര്‍ണയ്ക്ക് ഇനിയും വിരലിലെണ്ണാവുന്ന വര്‍ഷം മാത്രമാണ് സര്‍വീസ് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ സര്‍വീസുള്ള കാലം വരെ മറ്റുള്ളവര്‍ക്ക് വെളിച്ചമായി അപര്‍ണയുണ്ടാകും. സാധിച്ചാല്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞ ശേഷവും.



