
ഓണ്‍ലൈന്‍ മദ്യവില്‍പന സര്‍ക്കാരിന് ഹാനികരമാണെന്ന എക്‌സൈസ് മന്ത്രിയുടെ കര്‍ശന സ്റ്റാച്ച്യൂട്ടറി മുന്നറിയിപ്പോടെ ബവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരിയുടെ ശുപാര്‍ശ തല്‍ക്കാലം മടക്കി. തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ സാമുദായിക സംഘടനകളില്‍നിന്നുള്‍പ്പെടെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് മദ്യവില്‍പനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണു റിപ്പോര്‍ട്ട്.
മുന്‍പും പലവട്ടം ബവ്‌കോയുടെ ഭാഗത്തുനിന്ന് ശുപാര്‍ശകള്‍ വന്നിട്ടുണ്ടെങ്കിലും ഇത്രത്തോളം വിവാദം ഉയര്‍ന്നിരുന്നില്ല. മന്ത്രി നിലപാട് വ്യക്തമാക്കിയതിനു ശേഷവും ബവ്‌കോ എംഡി കാര്യകാരണസഹിതം വിശദീകരിച്ച് നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ ഉണ്ടായത്. മന്ത്രിക്കു മുകളിലല്ല ഒരു ഉദ്യോഗസ്ഥനെന്നും എം.ബി.രാജേഷ് പ്രതികരിച്ചത് അസ്വാരസ്യങ്ങുടെ സൂചനയാണെന്നും റിപ്പോര്‍ട്ടുണ്ട്.



