സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നുവെന്ന കേന്ദ്രസർക്കാർ വാദം തെറ്റ്; മന്ത്രി വി.ശിവൻകുട്ടി

കേരളത്തിലെ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസർക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും കഴിഞ്ഞ ഒൻപത് വർഷങ്ങളായി കേരളത്തിൽ ഒരു സർക്കാർ സ്കൂൾ പോലും അടച്ചുപൂട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

‘‘കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയ കണക്കുകൾ 1992-ൽ ഡി.പി.ഇ.പി. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മൾട്ടി ഗ്രേഡ് ലേണിങ് സെന്ററുകളുമായി ബന്ധപ്പെട്ടതാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നപ്പോൾ ഇവ സ്കൂളുകളായി തുടരാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഈ സെന്ററുകൾ ഘട്ടംഘട്ടമായി നിർത്തലാക്കിയത്. അവിടുത്തെ വിദ്യാർഥികൾക്ക് അടുത്തുള്ള സ്കൂളുകളിലേക്ക് സൗജന്യ യാത്രാസൗകര്യമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഏതെങ്കിലും ഒരു സർക്കാർ സ്കൂൾ അടച്ചുപൂട്ടിയതായി തെളിയിക്കാൻ സാധിക്കുമോ? കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം ശ്രമങ്ങൾ മന:പൂര്‍വം ആണെന്ന് പറയാതെ വയ്യ.’’ – വി.ശിവൻകുട്ടി അറിയിച്ചു.

Scroll to Top