തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിയുടെ വോട്ട് തിരുവനന്തപുരത്ത്

തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിയുടെ വോട്ട് തിരുവനന്തപുരത്ത്. ശാസ്തമംഗലം ഡിവിഷനിലെ മൂന്നാം നമ്പർ ബൂത്തിലെ പട്ടികയിലാണ് സുരേഷ് ഗോപിയുടെ പേര് ഉൾപ്പെട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ പേരും ഇതേ പോളിംഗ് ബൂത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലായിരുന്നു സുരേഷ് ഗോപിയുടെയും ബന്ധുക്കളുടെയും വോട്ട് ചേർത്തിരുന്നത്.

തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിൽ വോട്ട് ചേർത്തതെന്ന് നേരത്തെ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടിൽ 11 വോട്ടുകൾ ചേർത്തുവെന്നായിരുന്നു ആരോപണം. രണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു നെട്ടിശ്ശേരിയിലേത്. ഇപ്പോൾ ആ വീട്ടിൽ വോട്ടർപട്ടികയിലുള്ള താമസക്കാരില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ടവോട്ടുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തും വോട്ടുണ്ടെന്നാണ് ആരോപണം. കുടുംബ വീടായ ലക്ഷ്മി നിവാസിൻ്റെ മേൽവിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ് വോട്ടുള്ളത്.

Scroll to Top