
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ താമസിക്കുന്നതിനു തൊട്ടടുത്ത് മൂകയും ബധിരയുമായ യുവതി കൂട്ടബലാല്‍സംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ ബല്‍റാംപുര്‍ ജില്ലയിലാണ് 21കാരിയെ തട്ടിക്കൊണ്ടുപോയി വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ താമസസ്ഥലമായിട്ടു പോലും ഇവിടെ സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പരാതി നല്‍കിയതിനു പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി യുവതി അമ്മാവന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ബല്‍റാംപുര്‍ ജില്ലയിലെ സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. വിജനമായ വയലിലേക്ക് യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് വലിച്ചിച്ചു കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. വൈകല്യം കാരണം യുവതിയ്ക്ക് നിലവിളിക്കാനും സാധിച്ചില്ല. യുവതി വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷണം നടത്തുകയും പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ സമീപമുള്ള വയലില്‍ യുവതിയെ കണ്ടെത്തുകയുമായിരുന്നു. വനിതാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി മാനസികാഘാതത്തില്‍ നിന്ന് മോചിതയായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
അതിനിടെ സംഭവം നടന്ന് 24 മണിക്കൂറുകള്‍ക്കകം തന്നെ ഏറ്റുമുട്ടലിലൂടെയാണ് പ്രതികളെ പൊലീസ് കീഴടക്കിയത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതികളായ രണ്ടുപേര്‍ക്കും പരുക്കേറ്റു. കുറ്റം സമ്മതിച്ച പ്രതികളും ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ മൂന്നോ നാലോ സിസി ടിവി ക്യാമറകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ആയിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. എന്നാല്‍, പൊലീസ് സൂപ്രണ്ടിന്റെ വീടിനു സമീപം സ്ഥാപിച്ചിരുന്ന ക്യാമറയില്‍ യുവതി ഓടുന്നതും ബൈക്ക് യാത്രക്കാര്‍ അവരെ പിന്തുടരുന്നതും പതിഞ്ഞിട്ടുണ്ട്.



