തെരുവുനായ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്; നാളെ പരിഗണിയ്ക്കും

ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ നിന്ന് തെരുവുനായകളെ പൂര്‍ണമായും പരിപാലനകേന്ദ്രങ്ങളിലേക്ക് നീക്കുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉറപ്പുനല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് നാളെ വിഷയം പരിഗണിയ്ക്കും. .

രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും ബന്ധപ്പെട്ട അധികൃതരോട് കോടതി ആവശ്യപ്പെട്ടു. തെരുവുനായകളെ പാര്‍പ്പിക്കാന്‍ എട്ടാഴ്ചയ്ക്കകം പരിപാലനകേന്ദ്രങ്ങള്‍ തുടങ്ങണം.തെരുവുനായകളെ നീക്കുന്നതിന് ആരെങ്കിലും തടസ്സംനിന്നാല്‍ കര്‍ശനനടപടിയെടുക്കുമെന്നും മുന്നറിയിപ്പുനല്‍കി.

ഡല്‍ഹിയിലെ വിഷയമാണെങ്കിലും തെരുവുനായശല്യത്തിലെ സുപ്രീംകോടതി ഇടപെടല്‍ മറ്റിടങ്ങളിലും പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കുന്നതാണ്. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് ഉത്തരവെന്നും തങ്ങള്‍ക്കിതില്‍ താത്പര്യങ്ങളില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധവിഭാഗങ്ങളില്‍ നിന്ന് പ്രതികൂല പ്രതികരണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിഷയം പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയത്.

Scroll to Top