കോഴിക്കോട്ട് പൊലീസ് കസ്റ്റഡിയില്‍ നിന്ന് കൈവിലങ്ങുമായി പ്രതി ചാടിപ്പോയി; തിരച്ചില്‍ ഊര്‍ജിതം., രക്ഷപ്പെട്ടത് തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രതി

കോഴിക്കോട്: കോഴിക്കോട് ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രതി കൈവിലങ്ങുമായി ചാടിപ്പോയി. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. അസം സ്വദേശിയായ പ്രസന്‍ജിത്താണ് രക്ഷപ്പെട്ടത്. പൊലീസ് സ്റ്റേഷന് പുറകിലെ വഴിയിലൂടെയാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയാണ് അതിഥി തൊഴിലാളിയായ പ്രസന്‍ജിത്ത്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രസന്‍ജിത്ത് പോകാന്‍ സാധ്യതയുള്ള മേഖലകളില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

പ്രതിയെ രാത്രി വൈകി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോള്‍, വിലങ്ങണിയിച്ച് ബെഞ്ചിലിരുത്തിയിരിക്കുകയായിരുന്നു. ഈ സമയം പിന്‍വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. പ്രതിക്ക് പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ ദൂരെ പോകാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പുണ്ടായ സുരക്ഷാവീഴ്ച ഗുരുതരമായാണ് കാണുന്നത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് ഉന്നതതല അന്വേഷണമുണ്ടാകും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടായേക്കും.

Scroll to Top