
ന്യൂഡല്‍ഹി: മരിച്ചു പോയ ആരെയെങ്കിലും ഒക്കെ ഒരിക്കലെങ്കിലും കാണണമെന്ന് നമ്മളൊക്കെ ആഗ്രഹിച്ചിട്ടുണ്ടാകും അല്ലേ. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അങ്ങനെയുള്ളവരെയൊക്കെ. എന്നാല്‍, അങ്ങനെയൊരു സഫലീകരണമുണ്ടായിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ജീവിതത്തില്‍. ബന്ധുക്കളൊന്നുമല്ല., ബിഹാറില്‍ മരിച്ചു പോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിയെഴുതിയ ഏഴു പേരെയാണ് രാഹുല്‍ഗാന്ധി ഇന്ന് നേരില്‍ കണ്ടത്. കാണുക മാത്രമല്ല., ഒപ്പമിരുന്ന് ചായ കുടിക്കുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു. എന്നിട്ട് എക്‌സില്‍ ഒരു കുറിപ്പും വീഡിയോയും രാഹുല്‍ പോസ്റ്റ് ചെയ്തു. രാഹുല്‍ കുറിച്ചു; ‘ എന്റെ ജീവിതത്തില്‍ നിരവധി രസകരമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, മരിച്ചു പോയവര്‍ക്കൊപ്പം ചായ കുടിക്കുന്നത് ആദ്യമായാണ്. ഇത്തരമൊരു അതുല്യവും അപൂര്‍വവുമായ അനുഭവത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി.
സംഭവം മറ്റൊന്നുമല്ല., ബിഹാറിലെ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി മരിച്ചു പോയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിക്കളഞ്ഞ ഏഴുപേരെയാണ് രാഹുല്‍ഗാന്ധി കണ്ടെത്തിയത്. വോട്ടര്‍ പട്ടികയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പേര് വെട്ടിക്കളഞ്ഞ 65 ലക്ഷം ആളുകളില്‍ ഉള്‍പെട്ടതാണ് ആണും പെണ്ണും അടക്കം ഈ ഏഴുപേര്‍. തങ്ങള്‍ മരിച്ചു പോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പുറത്തുവിട്ട് പറഞ്ഞപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നാണ് അവരില്‍ ഒരാള്‍ രാഹുലിനോട് പ്രതികരിച്ചത്. ഈ ഏഴു പേരോട് സംസാരിക്കുന്നതിന്റെ നാലുമിനിറ്റ് വീഡിയോയും രാഹുല്‍ എക്‌സില്‍ പങ്ക് വച്ചിട്ടുണ്ട്.
ഇവര്‍ മാത്രമല്ല, ഇത്തരത്തില്‍ മരിക്കാതെ കൊല്ലപ്പെട്ടവര്‍. ഒരു പഞ്ചായത്തില്‍ തന്നെ അമ്പതോളം പേരുണ്ടെന്നാണ് ഈ ഏഴുപേര്‍ രാഹുല്‍ഗാന്ധിയോട് പറഞ്ഞത്. ജീവിച്ചിരിക്കുന്ന തങ്ങളുടെ മരണവിവരമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് അവര്‍. പുനഃപരിശോധനയുടെ പേപ്പറുകള്‍ പോലും ചോദിക്കാതെയാണ് ഇവരെയൊക്കെ മരിച്ചെന്ന് ഏകപക്ഷീയമായി വിധിയെഴുതി വെട്ടിക്കളഞ്ഞത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ മണ്ഡലത്തില്‍ നിന്നുള്ളവരെയാണ് വെട്ടിമാറ്റിയതെന്നതാണ് രസകരമായ മറ്റൊരു വസ്തുത. തേജസ്വി യാദവിന്റെ മണ്ഡലത്തിലെ വോട്ടര്‍മാരായ രാമിക് ബായ് റേ, ഹരേന്ദ്ര റേ, ലാല്‍മുനി ദേവി, വാചിയാ ദേവി, ലാല്‍വതി ദേവി, പൂനം കുമാരി, മുന്ന കുമാര്‍ എന്നിവരാണ് രാഹുല്‍ഗാന്ധി കണ്ടെത്തിയ ആ ‘മരിച്ച’ വോട്ടര്‍മാര്‍.
ചിത്രം രാഹുല്‍ഗാന്ധിയുടെ എക്‌സ് അക്കൗണ്ടില്‍ നിന്ന്



