ഉപേക്ഷിച്ച പരിപാടിക്ക് യുവജനക്ഷേമ ബോർഡിനു സർക്കാർ നൽകിയത് 11.39 ലക്ഷം രൂപ

ഉപേക്ഷിച്ച പരിപാടിയുടെ ചെലവിനത്തിൽ യുവജനക്ഷേമ ബോർഡിനു സർക്കാർ നൽകിയത് 11.39 ലക്ഷം രൂപ. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന ‘മുഖ്യമന്ത്രിയുമായി മുഖാമുഖം’ പരിപാടിയുടെ ചെലവിലേക്കാണു ബോർഡിനു തുക അനുവദിച്ചത്.

കഴിഞ്ഞ മേയിൽ നടത്താനിരുന്ന പരിപാടി ഉപേക്ഷിച്ചെങ്കിലും ബോർഡ് മുന്നൊരുക്കം നടത്തിയെന്ന കാരണം പറഞ്ഞാണു പണം നൽകിയത്. നടക്കാത്ത പരിപാടിക്ക് എന്തു ചെലവാണുണ്ടായതെന്നു യുവജന ക്ഷേമ ബോർഡ് മെംബർ സെക്രട്ടറിയോടു ചോദിച്ചെങ്കിലും ‘ മാധ്യമങ്ങളോടു പറയാൻ കഴിയില്ല’ എന്നായിരുന്നു മറുപടി.

ഇപ്പോഴത്തെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്.സതീഷ് വൈസ് ചെയർമാനായിരുന്ന കാലയളവിലാണ് 21 ലക്ഷം രൂപ ചെലവിട്ട് മുഖ്യമന്ത്രിയുമായി യുവജനങ്ങളുടെ മുഖാമുഖം നിശ്ചയിച്ചത്. യുവശക്തി എന്ന പേരിൽ യുവജനശാക്തീകരണത്തിനു ബോർഡ് നടപ്പാക്കുന്ന 2 കോടിയുടെ പദ്ധതിയിൽനിന്നു തുക ചെലവിടാനാണു തീരുമാനിച്ചിരുന്നത്.

ആദ്യം മേയ് 10നു നിശ്ചയിച്ച പരിപാടി ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. മേയ് 31നു നടത്താൻ ആലോചിച്ചെങ്കിലും മഴ തുടങ്ങിയതോടെ പ്രതികൂല കാലാവസ്ഥയെന്ന പേരിൽ ഉപേക്ഷിച്ചു. പരിപാടി സംഘടിപ്പിച്ചില്ലെങ്കിലും ഇതിനുള്ള മുന്നൊരുക്കം നടത്തിയതിനു ബോർഡിന് 11.39 ലക്ഷം രൂപ ചെലവായെന്നു മെംബർ സെക്രട്ടറി സർക്കാരിനെ അറിയിച്ചു.

ബോർഡിനു ‘ചെലവായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള’ തുകയായ 11.39 ലക്ഷം രൂപ അനുവദിക്കാനാണു കഴിഞ്ഞ ദിവസം യുവജനകാര്യ വകുപ്പ് ഉത്തരവിട്ടത്. നടക്കാത്ത പരിപാടിക്ക് ഏതെല്ലാം ഇനങ്ങളിലാണ് ഇത്രയും തുക ചെലവിട്ടതെന്ന് ഉത്തരവിൽ വ്യക്തമല്ല. ചെലവ് വെളിപ്പെടുത്താൻ ബോർഡ് തയാറുമല്ല.

Scroll to Top