ഇന്ത്യയ്ക്കു മേല്‍ യു.എസ് വീണ്ടും അധിക തീരുവ ചുമത്തിയേക്കും: തീരുമാനം ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം.

വാഷിംഗ്ടണ്‍: അമേരിക്കന്‍ ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കു മേല്‍ വീണ്ടും അധിക തീരുവ ചുമത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് ആണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. അടുത്ത ദിവസം അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ അലാസ്‌കയില്‍ നടക്കുന്ന ചര്‍ച്ചയിലെ തീരുമാനത്തിന് അനുസരിച്ചായിരിക്കും ഇന്ത്യക്കു മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കുമെന്ന് ബെസ്സന്റ് വ്യക്തമാക്കി. യുക്രെയ്ന്‍ – റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി നടക്കുന്ന ട്രംപ്-പുട്ടിന്‍ കൂടിക്കാഴ്ച പ്രതികൂലഫലം ഉളവാക്കുന്നപക്ഷം ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ട്രംപ് ചുമത്താനിടയുണ്ടെന്നാണ് സ്‌കോട് ബെസ്സന്റിന്റെ മുന്നറിയിപ്പ്.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ട്രംപ് റഷ്യയുടെ പക്കല്‍നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതായി ചൂണ്ടിക്കാട്ടി 25 ശതമാനം കൂടി തീരുവ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിരിക്കുന്നത്. അമേരിക്കയുടെ അധിക തീരുവയ്‌ക്കെതിരെ ഇന്ത്യയില്‍ കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. യു.എസ് തീരുമാനം അന്യായവും നീതീകരിക്കാത്തതാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ചത്.

 

Scroll to Top