
ഹോ ഭാഗ്യം ഒരു നിമിഷത്തേക്കെങ്കിലും സുരേഷ് ഗോപിക്ക് സംസാരശേഷി തിരിച്ചു കിട്ടിയിരിക്കുന്നു. തൃശ്ശൂരിലെ വോട്ട് കൊള്ള ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെയും മൗനിബാബയായിരുന്ന സുരേഷ് ഗോപി ഒറ്റവാക്യം പറയാന്‍ മാത്രമായി വാ തുറന്നു. അതും തനിക്കു നേരെ വന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനല്ല. പരിഹസിക്കാന്‍. ദിവസങ്ങളോളമായി സുരേഷ് ഗോപിയെ പൊതുവിടങ്ങളിലൊന്നും കണ്ടിരുന്നില്ല എന്നതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. വോട്ട് വിവാദം, ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ഇതെല്ലാം നടക്കുമ്പോഴും സുരേഷ് ഗോപി ആര്‍ക്കും മുഖംകൊടുക്കാതെ ഒഴിഞ്ഞു നടന്നു. ഒടുവില്‍ തൃശ്ശൂരിലെത്തിയ പറഞ്ഞത് ഇത്രമാത്രം. ഇത്രത്തോളം സഹായിച്ചതിന് നന്ദി. തന്റെയും കുടുംബത്തിന്റെയും കള്ളവോട്ട് പുറത്തുകൊണ്ടു വന്ന മാധ്യമങ്ങള്‍ക്കു നേരെയുള്ള ഒരു പരിഹാസം.
അങ്ങനെ ഒരു നന്ദിവാക്കില്‍ ഒതുക്കിപ്പോകാനുള്ളതല്ലല്ലോ ഗോപി സാറേ ഈ നടന്നതൊക്കെ. മറ്റു വിഷയങ്ങളിലൊക്കെ സിനിമാ സ്റ്റൈലില്‍ മാസ് ഡയലോഗ് ഒക്കെ അടിക്കുന്ന ആളല്ലേ. ജനാധിപത്യത്തെ തൂക്കിക്കൊല്ലുന്ന ഈ കള്ളവോട്ടിലും കൂടി അത്തരം ഡയലോഗ് ഒക്കെ വരട്ടെ. ഇങ്ങനെ മൗനം ഭജിച്ചിരുന്നാല് എങ്ങനെ ശരിയാകും. കള്ളവോട്ടും ഇരട്ടവോട്ടും ഒക്കെ ചെന്നെത്തിയത് സുരേഷ് ഗോപിയുടെ സ്വന്തം കുടുംബത്തിലേക്കായിട്ട് പോലും അദ്ദേഹം ഇതുവരെ മിണ്ടിയിട്ടില്ല. സാധാരണഗതിയില്‍ മറ്റു വിഷയങ്ങളിലാണെങ്കില്‍ ആക്രോശിക്കുന്ന, ഭരത് ചന്ദ്രനാകുന്ന സുരേഷ് ഗോപി ഇപ്പോള്‍ കളിയാട്ടത്തിലെ കണ്ണന് പെരുമലയനാകുന്നു. അണികളില്‍ ആവേശം നിറയ്ക്കാനല്ലാതെ അദ്ദേഹത്തിന് ഒന്നുമാകുന്നില്ല. ഇതൊന്നുമല്ല തൃശ്ശൂരുകാര് അവരുടെ എംപിയില്‍ നിന്ന് പ്രതീക്ഷിച്ചത്. തെരഞ്ഞെടുപ്പിനു മുന്‍പുള്ള മാസ് ഡയലോഗുകളും ന്യൂനപക്ഷ സ്നേഹ ഗിമ്മിക്കുകളും ഒക്കെ ഒരു പരിധി വരെ സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ വോട്ടായിട്ടുണ്ടെന്നത് വസ്തുതയാണ്. അങ്ങനെ മാസായി കളം നിറഞ്ഞു നിന്ന സുരേഷ് ഗോപിയാണ് സ്വന്തം പേരിലേക്ക് ഒരു ആരോപണം വന്നപ്പോള്‍ ഈ ഉള്‍വലിഞ്ഞു നില്‍ക്കുന്നത്.

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അദ്ദേഹം തന്റെ ഗുരുവായ നരേന്ദ്രമോദിക്ക് പഠിക്കുകയാണ്. കാരണം, ഛത്തീസ്ഗഢിലായാലും മണിപ്പൂരിലായാലും ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ടപ്പോള്‍ ഒന്നും മോദി മിണ്ടിക്കണ്ടിട്ടില്ല ആരും. അല്ലാത്തപ്പോഴെല്ലാം പ്രതിപക്ഷത്തെ ആക്രമിക്കാന്‍ കിട്ടുന്ന അവസരങ്ങളില്‍ ചീറ്റപ്പുലിയാകുന്ന മോദി ഛത്തീസ്ഗഢ് വിഷയത്തിലെല്ലാം തീര്‍ത്തും മൗനിബാബയായി. ആ പാത തന്നെയാണ് ഇപ്പോള്‍ സുരേഷ്ഗോപിയും കണ്ടുപഠിക്കുന്നത്. തൃശ്ശൂരില്‍ ലൂര്ദ്പള്ളിയിലേക്ക് സ്വര്‍ണക്കിരീടം കൊടുത്ത അതേ സുരേഷ്ഗോപി ഛത്തീസ്ഗഢില്‍ സംഘപരിവാര്‍ സര്‍ക്കാര്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ മിണ്ടാതായി. മണിപ്പൂരില്‍ ന്യൂനപക്ഷങ്ങള്‍ വ്യാപകമായി വേട്ടയാടപ്പെട്ടപ്പോള്‍ മൗനിയായി. ഒരു കേന്ദ്രസഹമന്ത്രി എന്ന നിലയില്‍ പോലും ഈ വിഷയങ്ങളിലൊന്നും അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലും പ്രതികരണങ്ങള്‍ ഉണ്ടായതായി ആരും കണ്ടിട്ടില്ല.
വോട്ട് വിവാദമൊക്കെ സുരേഷ് ഗോപിയെ പോലൊരു ജനപ്രതിനിധി മൗനം പാലിക്കേണ്ട സംഗതിയാണോ? അതും സ്വന്തം മണ്ഡലത്തിലെ കള്ളവോട്ടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍. സുരേഷ് ഗോപി ഓര്‍ക്കേണ്ട ഒരു കാര്യം, സ്വന്തം കുടുംബത്തിനെതിരെയാണ് വലിയ രീതിയിലുള്ള ആരോപണങ്ങളും ഗുരുതര കുറ്റകൃത്യങ്ങളും വരുന്നത്. അതുകൊണ്ട് തന്നെ അതിന് മറുപടി പറയാന്‍ ഏറ്റവുമധികം ബാധ്യസ്ഥനായതും സുരേഷ് ഗോപി തന്നെയാണ്. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ പുറത്തുവരുന്നത് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അതും സുരേഷ് ഗോപിയുടെ സഹോദരനിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അദ്ദേഹത്തിന്റെ സഹോദരനായ സുഭാഷ് ഗോപിക്ക് ഇരട്ട വോട്ടുകളുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തെളിവ് സഹിതം പുറത്തുവന്നിരുന്നു. ഇപ്പോള്‍ വരുന്നത് ഇരട്ട വോട്ട് മാത്രമല്ല, ഇരട്ട തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും സ്വന്തമായുള്ള ആളാണ് സുഭാഷ് ഗോപിയും ഭാര്യ റാണിയും എന്നാണ്.
അതായത് സുഭാഷിനും റാണിക്കും തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലും അതോടൊപ്പം മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡില്‍ കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തിലും വോട്ടുണ്ട്. ഇരവിപുരത്ത് സുഭാഷ് ഗോപിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് ഡബ്ല്യുഎല്‍എസ് 0136077എന്ന നമ്പറിലുള്ള തിരിച്ചറിയല്‍ കാര്‍ഡിലാണ്. റാണിയുടെ വോട്ട് ഡബ്ല്യുഎല്‍എസ് 0136218 എന്ന നമ്പരിലുള്ള തിരിച്ചറിയല്‍ കാര്‍ഡിലും. ഇവര്‍ക്ക് തന്നെ തൃശ്ശൂര്‍ മുക്കാട്ടുകരയിലെ 115-ാം നമ്പര്‍ ബൂത്തിലാണ് മറ്റൊരു വോട്ട്. ഇവിടെ സുഭാഷിന്റെ പേര് ചേര്‍ത്തിരിക്കുന്നത് എഫ്വിഎം 1397173 എന്ന നമ്പരിലുള്ള തിരിച്ചറിയല്‍ കാര്‍ഡിലും റാണിയുടേത് എഫ്വിഎം 1397181 എന്ന തിരിച്ചറിയല്‍ കാര്‍ഡ് നമ്പരിലും. നിയമപരമായി ഒരാള്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡ് നിലനില്‍ക്കെ തന്നെ മറ്റൊരു കാര്‍ഡ് ലഭിച്ചാല്‍ ഉടന്‍ തന്നെ ഒരു കാര്‍ഡ് സമര്‍പിച്ച് റദ്ദാക്കണമെന്നുണ്ട്. ഈ നിയമവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ഇരട്ട കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റവുമാണ്.

സുരേഷ് ഗോപിയുടെ രക്ഷയ്ക്കും പിന്തുണയ്ക്കാനും രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു. സത്യത്തില്‍ രാജീവ് ചന്ദ്രശേഖറുടെയും കെ.സുരേന്ദ്രന്റെയും ഒക്കെ പ്രതികരണങ്ങള്‍ സുരേഷ് ഗോപിക്ക് കൂനിന്മേല് കുരു ആയിട്ടേയുള്ളു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നരവര്‍ഷത്തിനിടെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് ചില പ്രത്യേകതരം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് രാജീവ് ചന്ദ്രശേഖറുടെ പക്ഷം. ഗൂഢാലോചന നടത്തുന്നത് വരുന്ന തെരഞ്ഞെടുപ്പില്‍ മറ്റൊന്നും പറയാനില്ലാത്ത കോണ്‍ഗ്രസും സിപിഐഎമ്മും എന്നാണെന്നാണ് രാജീവ് ചന്ദ്രശേഖരുടെ പക്ഷം. ഇനി അങ്ങനെ ഒരു പരാതിയുണ്ടെങ്കില്‍ തന്നെ രാജ്യത്തെ പരമോന്നത സുപ്രീംകോടതി വരെ പോകാമല്ലോ എന്നും അതിന് തക്ക അഭിഭാഷകര്‍ സ്വന്തം പാര്‍ട്ടിയില്‍ ഉണ്ടല്ലോ എന്നൊക്കെയാണ് അദ്ദേഹത്തിന്റെ വാദം.
അങ്ങനെയെങ്കില്‍ രാജീവ് ജിയോട് ചില ചോദ്യങ്ങള്‍., രാജീവ് ജി., ആരോപണം വന്നത് സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെയാണ്. അതിന് മറുപടി പറയാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനില്ലേ. അതോ ഈ മൗനിബാബ ചമയുന്നതിന് കാരണം അദ്ദേഹം ഇതൊക്കെ സമ്മതിക്കുന്നു എന്നാണോ. ഒരു കാര്യം കൂടി പറയട്ടെ തൃശ്ശൂരില്‍ വോട്ട് ചേര്‍ത്തത് പാര്‍ട്ടി നേരിട്ടാണെന്നാണ് അങ്ങേക്ക് മുന്‍പ് ഇരുന്ന സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ജി പറയുന്നത്. അപ്പോ ഈ കള്ളവോട്ട് ഒക്കെ പാര്‍ട്ടി ചേര്‍ത്തതാണോ.? കൊള്ളാമല്ലോ നിങ്ങളെ പാര്‍ട്ടി. ഇനി താങ്കള്‍ പറയുന്നത് ഗൂഢാലോചന എന്നാണ്. അങ്ങനെ എങ്കില്‍ താങ്കളുടെ പാര്‍ട്ടിയുടെ ദേശീയ നേതാവായ അനുരാഗ് താക്കൂര്‍ ഇന്നലെ പത്രസമ്മേളനം നടത്തി പറഞ്ഞത് വയനാട്ടിലും റായ്ബറേലിയിലും കള്ളവോട്ടുകള്‍ ചേര്ത്തിട്ടുണ്ടെന്നാണല്ലോ അപ്പോ അത് രാഹുല്‍ഗാന്ധിക്കെതിരായ ഗൂഢാലോചന ആണോ., ഇനി അതല്ല അത് സത്യമാണെങ്കില്‍ തൃശ്ശൂരിലെ കള്ളവോട്ട് താങ്കള്‍ സമ്മതിക്കുന്നുണ്ടോ? എന്ത് ചെയ്തിട്ടും അങ്ങ് മെനയാകുന്നില്ലല്ലോ രാജീവ് ജീ.
എന്തായാലും നിങ്ങള്‍ തൃശ്ശൂര്‍ തന്നില്ലെങ്കി ഞാനിങ്ങെടുക്കും എന്നൊക്കെ സുരേഷ് ഗോപി പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല സാറേ. സിനിമകളില്‍ മൊത്തം വെച്ചു കെട്ടലുകളാണെന്നറിയാം. അതേപോലുള്ള കണ്കെട്ട് സാറ് തെരഞ്ഞെടുപ്പിലും കാണിക്കുമെന്ന് ഓര്‍ത്തില്ല കേട്ടോ. നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം തന്നെ ഈ ജനാധിപത്യവും ജനാധിപത്യപത്യ രീതിയിലുള്ള വോട്ടെടുപ്പും ഒക്കെ അല്ലേ. അതിനെ ഇങ്ങനെ കൊല്ലുക എന്നൊക്കെ പറഞ്ഞാല്‍ എങ്ങോട്ടാണ് നമ്മുടെ നാടിന്റെ പോക്ക്.



