ഇവിടെ ഒരേ വീട്ടുപേരില്‍ ഹിന്ദുവും മുസ്ലിമും ഉണ്ടാകും; ഈനാട് ഇങ്ങനെ ആണ് സാര്‍; ബിജെപിയുടെ നുണക്കോട്ട പൊളിച്ച് സംഷാദ് മരക്കാര്‍

വയനാട്: വയനാട്ടില്‍ ഒരേ വീട്ടുപേരില്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട ആളുകളുടെ വോട്ട് കൃത്രിമമായി ചേര്‍ത്തെന്ന ബിജെപിയുടെ ആരോപണം പൊളിച്ചടുക്കി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍. ചൗണ്ടേരി എന്ന വീട്ടുപേരില്‍ ഹിന്ദു, മുസ്ലിം വിശ്വാസികള്‍ താമസിക്കുന്നുണ്ടെന്നും ഇത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയതിന് തെളിവാണെന്നുമായിരുന്നു ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ ആരോപണം. ഇതിനെ പൊളിച്ചടുക്കി കൊണ്ടാണ് ചൗണ്ടേരി വീട്ടുപേരല്ലെന്നും ഒരു നാടിന്റേ പേരാണെന്നും സംഷാദ് മരക്കാര്‍ വ്യക്തമാക്കിയത്. തന്റെ ഫേസ്ബുക്ക് വാളില്‍ പങ്കുവച്ച കുറിപ്പിലാണ് സംഷാദ് മരക്കാര്‍ ബിജെപിയുടെ നുണക്കോട്ട പൊളിക്കുന്നത്.

ചൗണ്ടേരി എന്ന വീട്ടുപേരില്‍ കല്‍പറ്റ നിയമസഭാ മണ്ഡലത്തില്‍ ഹിന്ദു-മുസ്ലിം വിശ്വാസികള്‍ താമസിക്കുന്നു എന്നായിരുന്നു ആരോപണം. തന്റെ നാട്ടിലാണ് ഈ പ്രശ്‌നം ഉള്ളതെന്നും ചാമുണ്ഡേശ്വരിക്കുന്ന് എന്ന സ്ഥലം കാലക്രമത്തില്‍ ചാണ്ടേരിക്കുന്ന് എന്നും അത് പിന്നീട് ചൗണ്ടേരി എന്ന് ലോപിക്കുകയുമായിരുന്നു എന്നാണ് സംഷാദ് മരക്കാര്‍ പറയുന്നത്. ചാണ്ടേരിക്കുന്ന് എന്നും ചൗണ്ടേരി എന്നുമുള്ള വീട്ടുപേര് ഉപയോഗിക്കുന്ന ഹിന്ദു വിശ്വാസിയും മുസ്ലിം വിശ്വാസിയും മാത്രമല്ല ക്രൈസ്തവ വിശ്വാസികളും പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആളുകളുമുണ്ടെന്നും സംഷാദ് ചൂണ്ടിക്കാട്ടുന്നു. ഈ നാട് അങ്ങനെയാണ് സാര്‍ എന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് സംഷാദ് മരക്കാരുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി വോട്ട്‌കൊള്ളയെ പ്രതിരോധിക്കാനാണ് പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തെ ഉന്നമിട്ട് ബി.ജെ.പി നേതാവ് പ്രത്യാരോപണം ഉന്നയിച്ചത്. വയനാട് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് ഉണ്ടെന്നായിരുന്നു ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂര്‍ ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചത്. വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ വ്യാപക ക്രമക്കേടുണ്ടായി. 52 വോട്ടര്‍മാര്‍ക്ക് ഒരേ വിലാസമാണ്. തിരുവമ്പാടി, കല്‍പറ്റ മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നെന്നും അനുരാഗ് ഠാക്കൂര്‍ ആരോപിച്ചിരുന്നു.

 

Scroll to Top