പൊളിഞ്ഞു പോയ ഒരു നുണ ബോംബിന്റെ കഥ; നിങ്ങളിങ്ങനെ പച്ചനുണ പറഞ്ഞ് എത്രകാലം കാലം കഴിക്കും ബിജെപിക്കാരേ.

അനുരാഗ് താക്കൂര്‍ സാറേ, ഒരു നുണ ബോംബിട്ടിട്ട് 24 മണിക്കൂര്‍ പോലും തികയും മുന്‍പ് പൊളിഞ്ഞു പോകുന്നത് എന്തൊരു കഷ്ടമാണ്. വല്ലാത്തൊരു യോഗം തന്നെ അങ്ങയുടേത്. വയനാട്ടില്‍ വ്യാപകമായി 93,000 കള്ളവോട്ടുകള്‍ ചേര്‍ത്തു എന്നായിരുന്നു ഇന്നലെ പവര്‍പോയിന്റ് പ്രസന്റേഷന്‍ ഒക്കെ ആയിട്ട് വലിയ പോസ് ഒക്കെ ഇട്ട് വാര്‍ത്താസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചിട്ട് 24 മണിക്കൂര്‍ പോലും തികയും മുന്‍പ് പൊളിഞ്ഞിരുന്നു. ആദ്യത്തേത് ഒരേ വിലാസത്തില്‍ വിവിധ മതസ്ഥരുടെ വോട്ട് ചേര്‍ത്തു എന്നായിരുന്നു. അത് ഒരു വിലാസം അല്ലെന്നും നാടിന്റെ പേരാണെന്നും ആദ്യം തെളിഞ്ഞു. ഇപ്പോഴിതാ ഒരു മൈമൂനയ്ക്ക് മൂന്ന് ബൂത്തില്‍ വോട്ട് എന്ന അടുത്ത നുണ ബോംബും ചീറ്റിപ്പോയിരിക്കുന്നു. അതും മൂന്നും മൂന്ന് മൈമൂനമാരാണ് ഹേ. നിങ്ങളിങ്ങനെ എത്രകാലം പച്ചനുണ പറഞ്ഞ് കാലം കഴിക്കും പൊന്നു ബിജെപിക്കാരേ.

ഏറനാട് മണ്ഡലത്തിലെ മൈമൂന്ന എന്ന ഒരു വോട്ടര്‍ക്ക് മൂന്നു ബൂത്തുകളില്‍ വോട്ടുണ്ടെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞിടത്ത് നിന്നാണ് ഈ നുണ ബോംബിന്റെ തുടക്കം. വെറുതെ അങ്ങ് പറഞ്ഞ് പോയതൊന്നുമല്ല കേട്ടോ. നല്ല ആധികാരികമായി തന്നെയായിരുന്നു കള്ളം പറച്ചില്‍. ഏറനാട് മണ്ഡലത്തിലെ വോട്ടറായ ഒരു മൈമൂനയ്ക്ക് 115, 135, 152 എന്നീ ബൂത്തുകളില്‍ വോട്ടുണ്ടെന്ന കണ്ടെത്തല്‍. ഈ മൂന്ന് ബൂത്തുകളിലും മൈമൂന വോട്ട് ചെയ്‌തെന്നും താക്കൂര്‍ ജി കണ്ടെത്തി. ഇനി, അതിന്റെ സത്യാവസ്ഥ കൂടി നമുക്കൊന്ന് പരിശോധിക്കണ്ടേ. പറയുന്നത് സംഘപരിവാര്‍ ആണെങ്കില്‍ മൂന്ന് വട്ടം പരിശോധിച്ചിട്ടേ ആ വിവരം വിശ്വാസത്തിലെടുക്കാന്‍ പറ്റൂ എന്നതാണ് അവസ്ഥ. എങ്കില്‍ എന്താണ് സത്യം. കേട്ടോളൂ അത് മൂന്നും മൂന്ന് മൈമൂനമാരാണ്.

മൂന്നു പേരും മൂന്ന് പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി സ്ഥിരമായി താമസിക്കുന്നവരും വര്‍ഷങ്ങളായി വോട്ടുള്ളവരുമാണ്. അരീക്കോട്, കാവനൂര്‍, കുഴിമണ്ണ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരാണവര്‍. കാവനൂര്‍ പഞ്ചായത്തിലെ മൈമൂനയ്ക്ക് വോട്ടുള്ളത് 115-ാം നമ്പര്‍ ബൂത്തില്‍ 778-ാം ക്രമനമ്പറായാണ് വോട്ടുള്ളത്. പിതാവിന്റെ പേര് വെള്ളിപ്പാടന്‍ മുഹമ്മദ്, ഭര്‍ത്താവ് മംഗലന്‍ അലവി, സ്ഥിരമായി ഇതേ ബൂത്തിലെ വോട്ടര്‍. രണ്ട് കുഴിമണ്ണ പഞ്ചായത്തിലെ മൈമൂന ടി.പി. 152 നമ്പര്‍ ബൂത്തില്‍, 541 ക്രമനമ്പറായി വോട്ട്. ഭര്‍ത്താവ് അലവി പുല്ലുപറമ്പില്‍. പിതാവ് മുഹമ്മദ് കുട്ടി ടി.പി. മൂന്ന്. അരീക്കോട് പഞ്ചായത്തിലെ വാഴപ്പറ്റ വീട്ടില്‍ മൈമൂന. ഭര്‍ത്താവ് സെയ്തലവി, പിതാവിന്റെ പേര് അലവി. 135-ാം നമ്പര്‍ ബൂത്തില്‍, 669 ക്രമനമ്പറില്‍ വോട്ട്.

പൊളിഞ്ഞോ.? പൊളിഞ്ഞ് പാളീസായി. താക്കൂര്‍ പറഞ്ഞ ബൂത്ത് നമ്പറും വോട്ടര്‍ ക്രമനമ്പറും മണ്ഡലവും എല്ലാം കറക്ടാ. പക്ഷേ, ആള് മാറിപ്പോയി. പ്രാദേശികമായി ഒരു ചെറിയ പുനഃപരിശോധന എങ്കിലും നടത്തിയിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ താക്കൂര്‍ ജി. ഒരു മണ്ഡലത്തില്‍ ഉള്‍പെട്ടെന്ന് പറഞ്ഞാണ് മൂന്ന് പഞ്ചായത്തുകളില്‍ മൂന്ന് ബൂത്തുകളില്‍ സ്ഥിര താമസക്കാരായ മൂന്നു പേരെ കള്ളവോട്ടര്‍മാരാക്കി ചിത്രീകരിച്ച് വലിയ സംഭവമായി അവതരിപ്പിച്ചത്. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നോ എന്തോ.. ഒന്നുമില്ലെങ്കിലും അങ്ങ് മുന്‍ കേന്ദ്രമന്ത്രി അല്ലേ താക്കൂര്‍ ജി.

ഇനി വയനാടിനെ കുറിച്ചുള്ള മറ്റു ആരോപണങ്ങള്‍ക്ക് പിന്നിലെ വസ്തുത എന്താണ്. അതും കള്ളമാണ് സാര്‍ താങ്കള്‍ പറഞ്ഞത്., വ്യത്യസ്ത മതത്തിലുള്ളവര്‍ ഒരു വീട്ടില്‍ താമസിക്കുന്നുവെന്ന തരത്തിലാണ് വിലാസം നല്‍കിയിരിക്കുന്നത് എന്നാണല്ലോ പറയുന്നത്. സാറേ അത് ഒരു വിലാസമല്ല. ഒരു നാടിന്റെ പേരാണ്. ചൗണ്ടേരി എന്ന വീട്ടുപേരില്‍ ഒരുപാട് പേര്‍ താമസിക്കുന്നു അതും വ്യത്യസ്ത മതത്തിലുള്ളവര്‍ എന്നായിരുന്നല്ലോ ആക്ഷേപം. അത് ചൗണ്ടേരി എന്ന നാടാണ്. പൂര്‍വകാലത്ത് ചാമുണ്ഡേശ്വരിക്കുന്ന് എന്നറിയപ്പെട്ട സ്ഥലം പിന്നീട് ലോപിച്ച് ചൗണ്ടേരിക്കുന്നും ചൗണ്ടേരിയുമായി. അവിടെ ഹിന്ദു, ക്രിസ്ത്യന്‍,മുസ്ലിം ആളുകളെല്ലാം തങ്ങളുടെ വീട്ടുപേരായി ഉപയോഗിക്കുന്നത് ചൗണ്ടേരി എന്നോ ചൗണ്ടേരിക്കുന്ന് എന്നോ ആണ്. അതുകൊണ്ട് അവരെല്ലാവരും ഒരു വീട്ടിലാണ് താമസിക്കുന്നത് എന്ന് പറയുന്നത് മണ്ടത്തരമാണ് സാര്‍. ഇനി അങ്ങനെ എല്ലാവരും ഒരു വീട്ടില്‍ താമസിക്കുന്നുണ്ട് എന്നുണ്ടെങ്കില്‍ തന്നെ ഈ നാട്ടില്‍ ജാതിയും മതവും ഇല്ലെന്ന് പറയുന്നത് അഭിമാനമാണ് സാര്‍. കാരണം ഈ നാട് അങ്ങനെയാണ്.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 93,000 വോട്ടുകള്‍ കൃത്രിമമായി ചേര്‍ത്തതാണ് എന്നായിരുന്നു അനുരാഗ് താക്കൂറിന്റെ പ്രധാനവാദം. ഏത് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ നാല് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും മുകളില്‍ വോട്ട് ഭൂരിപക്ഷം ഉള്ള ഒരു മണ്ഡലത്തില്‍ കള്ളവോട്ട് ചേര്‍ത്തെന്ന്. കര്‍ണാടകയിലെ ഒരു ഒറ്റമുറി വീട്ടില്‍ 80 പേര്‍ക്ക് കള്ളവോട്ട് ചേര്‍ത്തവരാണ് ഈ പറയുന്നത്., പറയുന്നതില്‍ എന്തെങ്കിലും ലോജിക്ക് വേണ്ടേ. രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം പൊളിക്കാന്‍ ഒരുവാക്ക് കൊണ്ട് പോലും പറ്റാത്തവര്‍ ഞങ്ങള്‍ മാത്രമല്ല നിങ്ങളും കള്ളവോട്ട് ചെയ്‌തെന്ന് സമീകരിക്കാന്‍ കൊണ്ടുവന്ന നുണ ബോംബാണ് ഈ ചീറ്റിപ്പോയിരിക്കുന്നത്. ചുരുക്കത്തില്‍ രാഹുലിനും ഇന്ത്യാസഖ്യത്തിനും എതിരെ എറിഞ്ഞ ബോംബ്, ബൂമറാംഗായി അവനവനിട്ട് തന്നെ കൊണ്ടു എന്നതാണ് ബിജെപിയുടെ, അനുരാഗ് താക്കൂറിന്റെ വാര്‍ത്താസമ്മേളനം കൊണ്ടുണ്ടായ ഗുണം. അതായത് സ്വന്തം മുഖം രക്ഷിക്കാന്‍ ബിജെപി നടത്തിയ വാര്‍ത്താസമ്മേളനം അവനവന്റെ തന്നെ കുഴി തോണ്ടലായി. ഇനിയിപ്പോ ആ കുഴിയില്‍ തന്നെ ഇട്ടങ്ങ് മൂടിയാല്‍ മതി.

 

Scroll to Top